ലിംഗനിർണയം നടത്തി ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊന്നൊടുക്കി; ഒഡീഷയിൽ 13 പേർ അറസ്റ്റിൽ

odisha-arrest-1
ലിംഗനിർണയം നടത്തി ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊന്ന സംഭവത്തിൽ അറസ്റ്റിലായവർ (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഭുവനേശ്വർ∙ ലിംഗനിർണയം നടത്തി ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊല്ലുന്ന സംഘം ഒഡീഷയില്‍ പിടിയില്‍. സംസ്ഥാനാന്തര സംഘത്തിലെ 13 പേരാണ് അറസ്റ്റിലായത്. അള്‍ട്രാസൗണ്ട് സ്കാനിലൂടെ ലിംഗനിര്‍ണയം നടത്തിയായിരുന്നു ഗര്‍ഭഛിദ്രം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ ലാബിൽ 11 സ്ത്രീകൾ പരിശോധനയ്ക്കായി എത്തിയിരുന്നു. സംഭവത്തിൽ ആശുപത്രി, ലാബ് ഉടമകള്‍ക്കും പങ്കുള്ളതായി പൊലീസ് കണ്ടെത്തി.

ഒഡീഷയിലെ ബെർഹാംപുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഇവിടെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ദുർഗാപ്രസാദ് നായിക്കും ഇയാളുടെ സഹായികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഗർഭിണികളെ ക്ലിനിക്കിൽ എത്തിച്ചിരുന്ന ആശാ വർക്കർമാർ, നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാർ എന്നിവരും പിടിയിലായി. ഗർഭിണികളെ ക്ലിനിക്കിൽ എത്തിക്കുന്നതിന് ഇവർക്ക് കമ്മിഷൻ ലഭിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

ദുർഗാപ്രസാദ് നായിക്കിന്റെ വീടിനോടു ചേർന്നാണ് സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നത്. ഗർഭിണികളായ സ്ത്രീകളെ അൾട്രാസൗണ്ട് സ്കാനിങ്ങിന് ഉൾപ്പെടെ വിധേയരാക്കിയാണ് ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണയം നടത്തിയത്. പരിശോധനയിൽ പെൺകുട്ടികളാണെന്ന് കണ്ടെത്തിയാൽ ഗർഭഛിദ്രത്തിലൂടെ കൊല്ലാനുള്ള സംവിധാനം ക്ലിനിക്കിൽ ഒരുക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ 11 ഗർഭിണികൾ ക്ലിനിക്കിലുണ്ടായിരുന്നു.

11 അൾട്രാസൗണ്ട് സ്കാനിങ് മെഷീനുകളും പണവും മൊബൈൽ ഫോണുകളും റെയ്ഡിൽ പിടിച്ചെടുത്തു. ഈ സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ട് വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ആശാ വർക്കർമാർ ഉൾപ്പെടെ ഈ ക്ലിനിക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി.

ആശാ വർക്കർമാരും നഗരത്തിലെ മറ്റ് ആശുപത്രികളിൽ ജോലി ചെയ്യുന്നവരുമാണ് ഗർഭിണികളെക്കുറിച്ചുള്ള വിവരങ്ങൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നൽകിയിരുന്നത്. ഇവർ പിന്നീട് ഗർഭിണികളുമായും അവരുടെ ഭർത്താക്കൻമാരുമായും ബന്ധപ്പെട്ട് ലിംഗനിർണയത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതായിരുന്നു പ്രവർത്തരീതി. ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് ഇതിന് കമ്മിഷൻ നൽകിയിരുന്നു.

സംഭവം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു. സംശയാസ്പദമായി പ്രവർത്തിക്കുന്ന എല്ലാ ക്ലിനിക്കുകളിലും പരിശോധന നടത്തും.

English Summary: Sex Determination Racket Busted In Odisha, 13 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA