ADVERTISEMENT

കൊച്ചി ∙ വിവാദത്തിലേക്കും പൊലീസ് കേസിലേക്കും നയിച്ച തിരുവനന്തപുരത്തെയും വെണ്ണലയിലെയും പ്രസംഗങ്ങളിൽ ഖേദമില്ലെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്. രണ്ടിടത്തും പറഞ്ഞതു കുറഞ്ഞുപോയി എന്നാണ് തോന്നുന്നത്. തന്റെ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകുമെന്നും വീട്ടിലേക്കാൾ സുഖമാണ് ജയിലിലെന്നും പി.സി.ജോർജ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.

‘‘ഞാൻ ആരെയും കൊല്ലുകയോ കലാപത്തിന് ആഹ്വാനം നൽകുകയോ ആരുടെയെങ്കിലും കയ്യും കാലും വെട്ടുകയോ ചെയ്തിട്ടില്ല. എന്റെ മുന്നിൽ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന ധർമമാണ് ഞാൻ നിർവഹിക്കുന്നത്. അത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയാണ്. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ, അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്നു വരുത്തിതീർത്ത് സമുദായത്തിന്റെ വോട്ട് മുഴുവൻ കൈക്കലാക്കാനാണ് ഇവിടെ ഇടതു–വലതു മുന്നണികൾ ശ്രമിക്കുന്നത്.’’ – പി.സി.ജോർജ് പറഞ്ഞു.

‘‘പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാനാകില്ല. ഞാൻ ഇപ്പോൾ ഇവിടെനിന്ന് മുങ്ങിയാൽ ഒരു വർഷം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് എന്നെ പിടിക്കാനാകില്ല. ഞാൻ ജനാധിപത്യ വിശ്വാസി ആയതുകൊണ്ട് നോട്ടിസ് കിട്ടിയപ്പോൾത്തന്നെ പൊലീസ് സ്റ്റേഷനിലെത്തി. അറസ്റ്റു ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എത്തിയത്.’’

‘‘മഹാരാജാസ് കോളജിൽ വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വെട്ടി കൊലപ്പെടുത്തിയവരുടെ തോളിൽ കയ്യിട്ടാണ് പിണറായി വിജയൻ പി.സി.ജോർജിനെ വർഗീയവാദി എന്നു വിളിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് പിണറായിയുടേത്. 2014ലേയും 2019ലെ തിരഞ്ഞെടുപ്പുകളിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. തൃക്കാക്കരയെ വർഗീയമായി ചേരിതിരിക്കുന്ന പിണറായിയാണ് എന്നെ വർഗീയവാദി എന്നു വിളിക്കുന്നത് എന്നതിൽ പുച്ഛം തോന്നുന്നു.’’

pc-george-campaign-an-radhakrishnan
എ.എൻ.രാധാക‍ൃഷ്ണനായി തൃക്കാക്കരയിൽ പ്രചരണത്തിനെത്തിയ പി.സി.ജോർജ്. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവർ സമീപം. ചിത്രം. ടോണി ഡോമനിക്

‘‘2016ലെ തിരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകിയവരാണ് എസ്ഡിപിഐ. രണ്ടു വർഷത്തോളം അവരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഇവർ ഇന്ത്യയെ സ്നേഹിക്കുന്നവരല്ലെന്ന് അതുകൊണ്ടുതന്നെ എനിക്ക് ഉറപ്പിച്ചു പറയാനാകും. കൂടെക്കിടന്നവനേ രാപ്പനി അറിയൂ. അതുകൊണ്ടാണ് ഇത് പറയുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് എസ്ഡിപിഐയുമായുള്ള ബന്ധം ഞാൻ വിച്ഛേദിച്ചത്. ആ എന്നെയാണ് കമ്യുണിസ്റ്റുകാരനായ പിണറായി വർഗീയവാദി എന്നു വിളിക്കുന്നത്.’’

‘‘കേരളത്തിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. വർഗീയ വോട്ടു നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനോടു മത്സരിക്കുകയാണ്. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി എന്ന അവസ്ഥയിൽ നിൽക്കുന്ന കോൺഗ്രസിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചതിനു ശേഷമേ വി.ഡി.സതീശൻ അടങ്ങൂ എന്നതിൽ സംശയമില്ല. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം കൊണ്ടു തന്നെ വി.ഡി.സതീശനെ കണ്ടാൽ മിണ്ടുന്ന യുഡിഎഫ് എംഎൽഎമാരുടെ എണ്ണം കയ്യിൽ ഒതുങ്ങുന്നതായി. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശൻ’’– പി.സി.ജോർജ് പറഞ്ഞു.

English Summary: PC George against Pinarayi Vijayan and SDPI in Thrikkakara bypoll campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com