ADVERTISEMENT

കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ ഹൈക്കോടതിയിൽ സമർപ്പിച്ച വിമാന ടിക്കറ്റ് നടനും നിർമാതാവുമായ വിജയ് ബാബു റദ്ദാക്കിയതായി പൊലീസ്. ഇന്നു രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടിക്കറ്റായിരുന്നു കോടതി നിർദേശപ്രകാരം വിജയ് ബാബുവിന്റെ അഭിഭാഷകർ ഹാജരാക്കിയത്. എന്നാൽ ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേരു കണ്ടെത്താനായില്ല.

ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ പരിധിയിൽ എത്തിയിട്ടു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി നിലപാടെടുത്തതോടെയാണ് ഇന്നു കൊച്ചിയിലെത്തുമെന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം.

ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിൽ കേസിൽ വാദം കേൾക്കാമെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകരുടെ നിർദേശപ്രകാരം വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയെന്നാണ് വിവരം. ഇന്നു കേസ് പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമോ എന്നു നോക്കിയ ശേഷം കോടതി നിർദേശിക്കുന്നതു പ്രകാരം കേരളത്തിലെത്താനാണ് വിജയ് ബാബുവിന്റെ തീരുമാനം. നേരിട്ടു പൊലീസിനു പിടികൊടുക്കുന്ന സാഹചര്യമുണ്ടായാൽ റിമാൻഡിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. ടിക്കറ്റ് റദ്ദാക്കിയ വിവരം വിജയ് ബാബുവിന്റെ അഭിഭാഷർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടിയയാളാണെന്നും അറസ്റ്റ് അനിവാര്യമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസും കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നൽകിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

പാസ്പോർട്ട് റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലേക്കുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയതോടെയാണ് വിജയ് ബാബു കീഴടങ്ങാൻ തീരുമാനിച്ച് ജോർജിയയിൽ നിന്നു ദുബായിലെത്തിയത്. കോടതി നിർദേശപ്രകാരം പൊലീസിൽ കീഴടങ്ങുന്ന സാഹചര്യത്തിൽ അതിന്റേതായ പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര റദ്ദാക്കിയത് എന്നാണ് സൂചന.

English Summary: Actor Vijay Babu Rape Case: High Court To Hear Anticipatory Bail Plea Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com