അഞ്ചലിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ

Mail This Article
അഞ്ചൽ∙ അയിലറയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത(42)യാണ് മരിച്ചത്. സംഭവത്തിൽ മുൻ സൈനികൻ ഹരികുമാറിനെ (45) ആത്മഹത്യ പ്രേരണ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണു സംഗീതയെ വീടിനു പുറത്തു പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടത്. ബഹളം കേട്ട് എത്തിയ അയൽക്കാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറയുന്നു.
ഓയൂർ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം 22 വർഷം മുൻപായിരുന്നു. ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത നേരത്തേ ഏരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അവയിൽ പലതും ഒത്തു തീർപ്പാക്കി ഒരുമിച്ചു താമസിക്കുകയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാർ പ്രതിയാണെന്നു പൊലീസ് പറയുന്നു.

സംഗീതയ്ക്കു പൊള്ളലേറ്റ് അധികം വൈകാതെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സംഗീതയുടെ സംസ്കാരം ഓയൂരിലെ കുടുംബ വീട്ടിൽ നടത്തി. മകൻ: കാർത്തിക്.
English Summary: Woman burnt to death in Anchal