ADVERTISEMENT

ആലപ്പുഴ ∙ നെടുമ്പാശേരിയിൽ കണ്ടെത്തിയ യുവാവ് 17 വർഷം മുൻപ് ആലപ്പുഴയിൽനിന്നു കാണാതായ രാഹുൽ അല്ലെന്ന് അമ്മ മിനി. മുംബൈയിൽനിന്ന് മിനിക്കു ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽനിന്ന് യുവാവിനെ കണ്ടെത്തി ആലപ്പുഴയിലെത്തിച്ചെങ്കിലും, യുവാവിന്റെ മുഖത്തിന് രാഹുലുമായി സാമ്യമില്ലെന്ന് മിനി വ്യക്തമാക്കി.

മുംബൈയിൽവച്ച് രാഹുലിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടതായി സൂചിപ്പിച്ച് അവിടെ നിന്നുള്ള ഒരു മലയാളി വീട്ടമ്മയാണ് രാഹുലിന്റെ കുടുംബത്തിന് കത്തയച്ചത്. പിന്നീട് കേരളത്തിലേക്കു മടങ്ങിയ ഇയാൾ നിലവിൽ നെടുമ്പാശേരിയിലുണ്ടെന്നും വീട്ടമ്മ കത്തിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് രാഹുലിന്റെ അമ്മ മിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ യുവാവിനെ ആലപ്പുഴയിലെത്തിച്ചത്. പക്ഷേ ആളു മാറിയതായി മിനി സ്ഥിരീകരിച്ചു.

ആശ്രമം വാർഡിൽ പരേതനായ രാജുവിന്റെയും മിനിയുടെയും മകൻ, കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ മുംബൈയിലെ ശിവാജി പാർക്കിനു സമീപം കണ്ടതായാണ് ഇവിടെ കട നടത്തുന്ന വീട്ടമ്മയുടെ കത്തിലുള്ളത്. തുടർന്നാണ് രാഹുലിന്റെ അമ്മ അന്വേഷണം ആവശ്യപ്പെട്ടത്. പത്തനാപുരത്ത് അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാൾ 16–ാം വയസ്സിൽ അവിടെനിന്നു മുംബൈയിൽ എത്തിയതായും ഇവിടെനിന്നു പിന്നീട് കേരളത്തിലേക്കു മടങ്ങി ഇപ്പോൾ നെടുമ്പാശേരിയിൽ ഉള്ളതായുമാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വീട്ടമ്മ ഈ വിവരം പങ്കുവച്ചത്. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു മിനി പരാതി നൽകി. തുടർന്ന് പൊലീസ് നെടുമ്പാശ്ശേരിയിലെത്തി യുവാവിനെ കണ്ടെത്തി മിനിയുടെ അടുത്തെത്തിക്കുകയായിരുന്നു.

ഏഴാം വയസ്സിൽ 2005 മേയ് 18ന് ആണ് രാഹുലിനെ കാണാതായത്. കാണാതായി മാസങ്ങൾക്കുശേഷം മുംബൈ ഉൾപ്പെടെ പലയിടങ്ങളിലും രാഹുലിനെ കണ്ടതായി പലരും അറിയിച്ചെങ്കിലും അതൊന്നും രാഹുൽ അല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

English Summary: Alappuzha Rahul missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com