ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ചരിത്ര വിജയം. 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. 72770 വോട്ടുകളാണ് ഉമ നേടിയത്. 47754 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് നേടിയപ്പോൾ ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനു ലഭിച്ചത് 12,957 വോട്ടുകളാണ്.

മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. നൂറ് സീറ്റെന്ന എൽഡിഎഫ് മോഹത്തിനാണ് ഇതോടെ മങ്ങലേറ്റത്. 239 ബൂത്തുകളില്‍ എല്‍ഡിഎഫിന് ആകെ ലീഡ് നേടാനായത് 12 ബൂത്തില്‍ മാത്രമാണ്.

Congress Leaders Thrikkakara bypoll
എറണാകുളം ഡിസിസി ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്‌ലാദ പ്രകടനം. ചിത്രം. റോബർട്ട് വിനോദ്

അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.

പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു.

English Summary : Thrikkakara by-election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com