ADVERTISEMENT

ന്യൂഡൽഹി∙ പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഖത്തറും കുവൈത്തും ഇറാനും. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് കുവൈത്തും ഖത്തറും ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ തീവ്രവാദവും വിദ്വേഷവും വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് കുവൈത്ത് പറഞ്ഞു,

പരാമർശം അപലപനീയമാണ്. സംഭവത്തിൽ നൂപുറിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ പറഞ്ഞു. അതേസമയം, ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നൂപുർ ശർമ പറഞ്ഞു. തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും നൂപുര്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അത് പിൻവലിക്കുന്നതായും നൂപുർ പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വാപി വിഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി. 

നൂപുറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് യുപിയില്‍ സുരക്ഷ ശക്തമാക്കി. കാന്‍പുര്‍ സംഘര്‍ഷത്തിലെ മുഖ്യപ്രതി ഹായത്ത് ജാഫര്‍ ഹഷ്മി ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. ഇവര്‍ മൗലാന അലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കാന്‍പുര്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ യുപിയില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ബറേലിയില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂലൈ 3വരെ കര്‍ഫ്യു ഏര്‍പ്പെടുത്തി. ജൂണ്‍ 10ന് മുസ്‍ലിം പുരോഹിതന്‍ ത്വഖിര്‍ റാസയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ 13 പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്കു പരുക്കേറ്റിരുന്നു

English Summary: Qatar summons Indian envoy over controversial remarks by BJP spokespersons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com