ADVERTISEMENT

മൈസൂരു ∙ കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിൽ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാൽ പൊലീസ് ശാലിനിയെ സര്‍ക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തിൽ വീണ്ടും തർക്കമുണ്ടായപ്പോൾ താൻ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതിൽ പ്രകോപിതനായി പിതാവ് സുരേഷ് പെൺകുട്ടിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ശാലിനിയെ ഉണർത്താൻ അമ്മ ബേബി ശ്രമിച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം.

ശാലിനി മരിച്ചുവെന്ന് ഉറപ്പായപ്പോൾ സുരേഷും ബേബിയും മൃതദേഹം ഒരു ഇരുചക്രവാഹനത്തിൽ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു. പിന്നീട് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.

താൻ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദി മഞ്ജുനാഥ് ആയിരിക്കില്ലെന്നും പിതാവ് തന്നെ നിരന്തരം അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നെന്നും അദ്ദേഹത്തിന് മകളെക്കാൾ വലുത് ജാതിയാണെന്നും ചൂണ്ടിക്കാട്ടി ശാലിനി പൊലീസിന് കത്തു നൽകിയിരുന്നു. താൻ കൊല്ലപ്പെട്ടാൽ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്ന് ശാലിനി മഞ്ജുനാഥിനയച്ച ശബ്ദസന്ദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

മഞ്ജുനാഥിനെ കൊല്ലാൻ സുരേഷും ബേബിയും 2 ലക്ഷം രൂപ വാടകക്കൊലയാളികൾക്കു വാഗ്‌ദാനം ചെയ്തെന്നും മൂന്നു വ്യാജപരാതികൾ അയാൾക്കെതിരെ നൽകിയിരുന്നെന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.

English Summary: Karnataka dishonour killing: Deceased girl blamed her parents in last call to Dalit boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com