ADVERTISEMENT

ജയ്പുര്‍∙ രാജസ്ഥാനില്‍ മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ശേഷം കോണ്‍ഗ്രസിലേക്കു ചുവടുമാറിയ എംഎല്‍എല്‍മാര്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനൊപ്പം നിയമസഭയിലെത്തി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. നാല് സീറ്റിലേക്കു മത്സരം നടക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വലിയ ആശ്വാസമായ നടപടിയാണിത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുഭാഷ് ചന്ദ്രയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആറ് എംഎല്‍എമാര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ലെന്നാണ് കഴിഞ്ഞ് ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. ഇവരുടെ വോട്ട് സംബന്ധിച്ച് നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകിട്ട് നാല് വരെ തുടരും. അഞ്ച് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കു. മുഖ്യമന്ത്രി അശോക് ഗലോട്ട് രാവിലെ 9ന് തന്നെ നിയമസഭയിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥിയായ രണ്‍ദീപ് സുര്‍ജെവാലയും കോണ്‍ഗ്രസ് എംഎല്‍എമാരും ബസില്‍ എത്തി. ബിജെപി എംഎല്‍എമാര്‍ രണ്ട് ബസുകളിലാണ് എത്തിയത്. എംഎല്‍എമാര്‍ ചാടിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കനത്ത ജാഗ്രതയിലായിരുന്നു. ജയ്പുരിലെ അമെര്‍ മേഖലയില്‍ സര്‍ക്കാര്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിലക്കുക വരെ ചെയ്തു. 

കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്‍ദീപ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് മത്സരിക്കുന്നത്. ബിജെപിക്കു വേണ്ടി ഘനശ്യാം തിവാരിയാണ് കളത്തിലുള്ളത്. ഇതിനു പുറമേ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുഭാഷ് ചന്ദ്രയെ ബിജെപി പിന്തുണച്ചതാണു കോണ്‍ഗ്രസിനു വെല്ലുവിളിയായത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കം മുതലെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ മൂന്നു സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 71, സ്വതന്ത്രര്‍ 13, ആര്‍എല്‍പി 3, സിപിഎം, ബിടിപി- 3 വീതം എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സീറ്റ് ജയിക്കാന്‍ കോണ്‍ഗ്രസിന് 123 വോട്ട് വേണം. 126 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഒരാള്‍ക്ക് ജയിക്കാന്‍ 41 വോട്ടാണ് വേണ്ടത്.

English Summary: Rajasthan Rajya Sabha Fight Congress vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com