ADVERTISEMENT

ചണ്ഡിഗഡ് ∙ മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അജയ് മാക്കന്റെ വിജയം സംബന്ധിച്ച് പാർട്ടിക്ക് തെല്ലും ആശങ്കയില്ലായിരുന്നു. ഫലം വരുന്നതിനു മുൻപുതന്നെ കോൺഗ്രസ് ആഘോഷവും തുടങ്ങി. എന്നാൽ കോൺഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ് കാലുമാറിയതോടെ മാക്കൻ വീണു. ഹരിയാനയിലെ 90 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 31 അംഗങ്ങളുണ്ട്, രാജ്യസഭയിലേക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 30 വോട്ടുകളായിരുന്നതിനാൽ മാക്കൻ രാജ്യസഭയിൽ എത്തുമെന്നു തന്നെയായിരുന്നു പ്രതീക്ഷ.

എന്നാൽ വർഷങ്ങളുടെ രാഷ്ട്രീയാനുഭവമുള്ള മാക്കനെ പരാജയപ്പെടുത്തി രാജ്യസഭയിലെത്തിയതാകട്ടെ 10 ദിവസം മുൻപുമാത്രം രാഷ്ട്രീയത്തിലെത്തിയ, ശതകോടികളുടെ ആസ്തിയുള്ള, ഇന്ത്യയിലെ മാധ്യമ ഉടമകളിലൊരാൾ– കാര്‍ത്തികേയ ശര്‍മ. ബിജെപിയുടെയും ജനായക് ജനതാ പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് സ്വതന്ത്രനായി കാര്‍ത്തികേയ ശര്‍മ ഈ സീറ്റില്‍ വിജയിച്ചത്.

ജയിക്കാന്‍ ഓരോ സ്ഥാനാര്‍ഥിക്കും 29.34 വോട്ടാണു വേണ്ടിയിരുന്നത്. ഹരിയാനയിലെ രണ്ടാം സീറ്റില്‍ ജയിച്ച ബിജെപിയുടെ കൃഷ്ണന്‍ ലാല്‍ പന്‍വറിന് 36 വോട്ടും, ശര്‍മയ്ക്ക് 23 ആദ്യ വോട്ടും, മാക്കന് 29 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി കൃഷ്ണന്‍ പന്‍വറിനു ലഭിച്ച 6.65 അധിക വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാർഥിയായ കാര്‍ത്തികേയ ശര്‍മയ്ക്ക് മാറ്റിയതോടെ 29.6 വോട്ടോടെ ശർമ ജയിച്ചു കയറി. 

40 വര്‍ഷത്തോളം കോൺഗ്രസിനൊപ്പം സഞ്ചരിക്കുകയും പഞ്ചാബ്, ഹരിയാന നിയമസഭകളില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ, രാജ്യസഭ എംപി, കേന്ദ്രമന്ത്രി തുടങ്ങിയ പദവികൾ അലങ്കരിക്കുകയും ചെയ്‌ത മുതിർന്ന നേതാവ് വിനോദ് ശര്‍മയുടെ മകനാണ് കാര്‍ത്തികേയ ശര്‍മ. ഹരിയാനയില്‍ ഭൂപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു വിനോദ് ശർമ. 1999 ൽ ജെസീക്ക ലാല്‍ വധക്കേസിലെ കുറ്റവാളിയും തന്റെ മകനുമായ മനു ശര്‍മയെ രക്ഷപ്പെടുത്താൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നതോടെ വിനോദ് ശർമ കോൺഗ്രസിൽനിന്ന് രാജിവച്ചു. കാര്‍ത്തികേയ ശര്‍മയുടെ ഇളയ സഹോദരനാണ് മനു ശർമ. 

2004 ൽ തിരികെയെത്തിയെങ്കിലും 2014 ഏപ്രിൽ 19ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് വിനോദ് ശർമയെ പുറത്താക്കി. അതേ വർഷം ഹരിയാന ജന്‍ ചേതന പാര്‍ട്ടി എന്നൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച വിനോദ് ശർമ ബിജെപിക്കും കോൺഗ്രസിനും എതിരെ പോരാട്ടം കടുപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനോദ് ശർമയും ഭാര്യയും മത്സരിച്ചിരുന്നുവെങ്കിലും ബിജെപി സ്ഥാനാർഥികളോടു പരാജയപ്പെട്ടു. അംബാല മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഹരിയാന ജന്‍ ചേതന പാര്‍ട്ടി  ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചു. ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി കാര്‍ത്തികേയ ശര്‍മയുടെ അമ്മ ശക്തി റാണി ശര്‍മയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മറുചേരിയിൽ നിൽക്കാനാണ് കാര്‍ത്തികേയ ശര്‍മ ഇഷ്ടപ്പെട്ടത്. 

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലം അനുസരിച്ച് 41 വയസ്സുകാരനായ കാര്‍ത്തികേയ ശര്‍മയുടെ ആസ്തി 387 കോടി രൂപയാണ്. ഗുഡ് മോണിങ് ഇന്ത്യ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡി മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫര്‍മേഷന്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമലാഖയില്‍ രണ്ടരയേക്കര്‍ കൃഷിഭൂമിയും സ്വന്തം പേരിലുണ്ട്.

ലണ്ടനിലെ കിങ്സ് കോളജിൽനിന്ന് പഠിച്ചിറങ്ങിയ കാർത്തികേയ ശർമ 15 വര്‍ഷം മുൻപാണു മാധ്യമ രംഗത്തേക്ക് ചുവടുമാറ്റിയത്. ഐടിവി മീഡിയ എന്ന പ്രസ്ഥാനത്തിനു പിന്നാലെ  പ്രാദേശിക ടിവി ചാനലുകളുടെ ശൃംഖല തുടങ്ങി. പത്രവ്യവസായത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട് കാർത്തികേയ ശർമ.

മാധ്യമമേഖലയ്ക്കു പുറമേ ഹോട്ടൽ ബിസിനസും പഞ്ചസാര ഫാക്ടറികളും കുടുംബത്തിനുണ്ട്. ഹരിയാന കോൺഗ്രസ് നേതാവ് കുൽദീപ് ശർമയുടെ മകളെയാണ് കാര്‍ത്തികേയ ശര്‍മ വിവാഹം ചെയ്‌തത്. കാര്‍ത്തികേയയുടെ അച്ഛന്‍ വിനോദ് ശർമയും അജയ് മാക്കനുമായി കുടുംബപരമായി ബന്ധം ഉണ്ടെങ്കിലും രാഷ്ട്രീയപരമായും വ്യക്തിപരമായും ഇരുചേരികളിലാണ്. 

English Summary: Ajay Maken lost to the media baron in RS polls; Who is Kartikeya Sharma? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com