ADVERTISEMENT

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് യൂത്ത് കോൺഗ്രസും യുവമോർച്ചയുമടക്കമുള്ള സംഘടനകൾ മൂന്നു തവണ കരിങ്കൊടി കാണിച്ചു. പരിപാടി നടക്കുന്ന വേദിക്കരികിലും പ്രതിഷേധമുണ്ടായി. ഈസ്റ്റ് ഹിൽ ഗെസ്റ്റ് ഹൗസിൽനിന്ന് കാരപ്പറമ്പുവഴി ബൈപ്പാസ് റോഡിലൂടെ വരുമ്പോഴാണ് സരോവരത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ഇതിനു തൊട്ടടുത്താണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ ഹോട്ടൽ ട്രിപ്പെന്റ. ഇതിന്റെ എതിർവശത്ത് കനോലി കനാലിനു കുറുകെ സരോവരം ബയോപാർക്കിലേക്കുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് പ്രവർത്തകർ റോഡിലേക്കു വന്നത്. ഗെസ്റ്റ് ഹൗസിൽനിന്ന് അര കിലോമീറ്റർ മാത്രം അകലെ കാരപ്പറമ്പ് ജംക്‌ഷനിൽവച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

റോഡരികിൽ പലയിടത്തായി പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത മഴയ്ക്കിടെ അപ്രതീക്ഷിതമായാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കോഴിക്കോട് മൂന്നു പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് രാമനാട്ടുകര ബൈപ്പാസിൽ പന്തീരങ്കാവ് ജംക്‌ഷനിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.

സഹകരണ ആശുപത്രിയിലെ വേദിക്കരികിൽനിന്ന് യുവമോർച്ച പ്രവർത്തകയെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടിയാണ് സഹകരണ ആശുപത്രിയിലേത്. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഉദ്ഘാടനച്ചടങ്ങിൽ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കരുതെന്ന് രൂപത നേരത്തേതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന മൂന്നാമത്തെ ചടങ്ങ് രൂപതയുടേതാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന മുന്നാമത്തെ പരിപാടിയുടെ വേദിക്കു സമീപത്ത് ഇടതുപക്ഷ അനുഭാവികൾ മാർച്ച് നടത്തി. മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചു നടത്തുന്ന മാർച്ചിൽ മാധ്യമ പ്രവർത്തകർക്കെതിരെയാണ് മുദ്രാവാക്യങ്ങൾ വിളിച്ചത്. കണ്ണൂർ റോഡിൽ സെന്റ് ജോസഫ്സ് പള്ളിക്കു മുന്നിലായിരുന്നു പ്രകടനം.

English Summary : Protest against CM Pinarayi Vijayan at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com