ADVERTISEMENT

ലക്നൗ∙ ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പു നൽകി ഉത്തര്‍പ്രദേശ് സർക്കാർ. യുപിയില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമങ്ങളുടെ പശ്‍ചാത്തലത്തിൽ പൊലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. യുപിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 255 പേരെയാണ് ആകെ അറസ്റ്റു ചെയ്തത്. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച യോഗിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്കു പിന്നാലെ യുപിയിലെ പ്രയാഗ് രാജ്, സഹരൻപുർ, മൊറാദാബാദ്, ഹത്രസ്, ഫിറോസാബാദ്, അംബേദ്കർ നഗർ തുടങ്ങിയ ജില്ലകളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

കലാപകാരികളെ ബുൾഡോസറുകൾ ഉപയോഗിച്ചു നേരിടുമെന്ന് യോഗി ആദിത്യനാഥ് തന്നെ മുന്നറിയിപ്പു നൽകി. സഹാറൻപുരിൽ 2 പ്രതികളുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. ഈ മാസം 3 ന് കാൻപുരിൽ നടന്ന അക്രമസംഭവങ്ങളിൽ മുഖ്യ പ്രതിയായ വ്യക്തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. എല്ലാ വെള്ളിയാഴ്ചയ്ക്കും ശേഷം ഒരു ശനിയുണ്ടെന്ന് കെട്ടിടം തകര്‍ക്കുന്ന ബുൾ‍ഡോസറിന്റെ ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

ബംഗാളിൽ ഭരണകക്ഷിയായ ത‍ൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കവും തുടരുകയാണ്. ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് സംഘർഷം തുടരുന്നത്. ബംഗാളിലെ ഹൗറയിലും മുർഷിദാബാദിലും 14 വരെ ഇന്റർനെറ്റ് വിലക്കി. ഹൗറ സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജൂംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തത്.

കലാപങ്ങൾക്കു പിന്നിൽ ചില രാഷ്ട്രീയ കക്ഷികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.‘സംഘര്‍ഷമുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇനിയും ഇത് അനുവദിക്കാനാകില്ല. ബിജെപിയുടെ പ്രവൃത്തികൾക്ക് സാധാരണക്കാർ എന്തിനു ബുദ്ധിമുട്ടണം’– മമത ട്വിറ്ററില്‍ കുറിച്ചു.

English Summary: Yogi's warning in UP, Mamata vs BJP in Bengal amid Prophet remark row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com