ADVERTISEMENT

പുണെ∙ പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ (28) വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി സന്തോഷ് യാദവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗമാണ് സന്തോഷ് യാദവെന്നു പൊലീസ് പറഞ്ഞു. 2021ൽ ഒരു കൊലപാതകക്കേസിൽ പിടിയിലായ ഇയാൾ രക്ഷപ്പെടുകയും തുടർന്ന് ഒളിവിൽ കഴിയുകയുമായിരുന്നു. മൂസവാല അടക്കം 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു പിറ്റേന്നാണു മാൻസ ജില്ലയിൽ സുഹൃത്തുക്കൾക്കൊപ്പം ജീപ്പിൽ യാത്ര ചെയ്യവേ അക്രമിസംഘം മേയ് 29ന് മൂസാവാലയെ വെടിവച്ചുകൊന്നത്.

കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്നും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘമാണ് ഇതിനു പിന്നിലെന്നുമാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ബിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതു തന്റെ സംഘമാണെന്നു  ഡൽഹി പൊലീസ് സ്പെഷൽ സെല്ലിനോടു വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ഡൽഹി പൊലീസ് സ്ഥിരീകരിച്ചില്ലെങ്കിലും ലോറൻസിന്റെ ഇളയ സഹോദരൻ സച്ചിൻ ബിഷ്ണോയ് ഇതു സമ്മതിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നു. തന്റെ മൂത്ത സഹോദരൻ വിക്കി മധുഖേരയുടെ മരണത്തിൽ മൂസവാലയ്ക്കുള്ള പങ്കിനു പ്രതികാരമായി താൻ നേരിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സച്ചിൻ ശബ്ദരേഖയിൽ പറയുന്നു.

മൂസവാലയുടെ കൊലപാതകത്തിനു പിന്നിൽ ലോറൻസിന്റെ സംഘത്തിനു പങ്കുള്ളതായി പഞ്ചാബ് പൊലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള ഗായകൻ ഗോൾഡി ബ്രാറിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാറിൻ നേരത്തെ രംഗത്ത് വന്നിരുന്നു. ലോറൻസുമായി ബന്ധമുള്ള പവൻ ബിഷ്ണോയ്, നസീബ് എന്നിവരെ ഹരിയാനയിലെ ഫത്തേബാദിൽനിന്നു പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ദിവസം മൂസവാലയെ അക്രമികൾ പിന്തുടർന്ന വാഹനവും ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു. 

English Summary: Shooter suspected to be linked to Moose Wala killing held in Pune: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com