ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെ സമ്മർദത്തിലാക്കാൻ തന്ത്രവുമായി സൈബർ സഖാക്കൾ. വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധമായതിനാൽ പൈലറ്റും വിമാനക്കമ്പനിയുമെല്ലാം നൽകുന്ന റിപ്പോർട്ടുകളായിരിക്കും ഡിജിസിഎയും മറ്റ് അന്വേഷണ ഏജൻസികളും പരിഗണിക്കുക എന്നതിനാൽ പ്രതിഷേധക്കാർക്ക് എതിരായി ഇൻഡിഗോയെക്കൊണ്ട് റിപ്പോർട്ട് നൽകിപ്പിക്കാൻ ലക്ഷ്യമിട്ട് തുടരെ കമന്റുകൾ ഇടുകയാണ് സൈബർ പോരാളികൾ. 

ഇൻഡിഗോ വിമാനത്തിലെ യാത്ര സുരക്ഷിതമല്ലെന്നും കേരള മുഖ്യമന്ത്രിക്ക് എതിരെ വധശ്രമമുണ്ടായെന്നുമെല്ലാമുള്ള വാചകങ്ങൾ ഇംഗ്ലിഷിൽ ടൈപ്പ് ചെയ്ത് ഒരേ രീതിയിൽ എല്ലാവരും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.  അതേസമയം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരെ സിപിഎം നേതാവ് ഇ.പി.ജയരാജൻ കയ്യേറ്റം ചെയ്തെന്നു കാണിച്ചുള്ള ഒറ്റപ്പെട്ട ചില കമന്റുകൾ കോൺഗ്രസ് അനുകൂലികളും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈബർ പോരാളികൾ കൂട്ടത്തോടെ പോസ്റ്റിടാൻ തുടങ്ങിയതോടെ ഒരൊറ്റ പോസ്റ്റിൽ തന്നെ ആയിരത്തി അഞ്ഞൂറോളം കമന്റുകൾ വന്നുകഴിഞ്ഞു. ഇൻഡിഗോയുടെ പേജിൽ മുൻപ് വന്ന പോസ്റ്റുകൾക്കെല്ലാം നൂറിൽ താഴെ കമന്റുകളേയുള്ളൂ. 

വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധവും മർദനവുമെല്ലാം രാജ്യാന്തര വ്യോമയാന നിയമങ്ങൾ അനുസരിച്ച് യാത്രാ വിലക്കും ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. വിമാനയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര സിവിൽ വ്യോമയാന സംഘടന (ഐസിഎഒ) പുറത്തിറക്കിയ നിയമാവലിയിൽ (അൺലോഫുൾ ഇന്റർഫ്രൻസ്) ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇ.പി.ജയരാജൻ ഇവരെ മർദിച്ച് താഴെയിടുന്ന തരത്തിലുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളുള്ള റിപ്പോർട്ട് പൈലറ്റ് ഡിജിസിഎയ്ക്ക് നൽകിയിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകും. 72 പേർക്ക് യാത്ര ചെയ്യാവുന്ന ഇൻഡിഗോയുടെ എടിആർ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. 36 പേരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിൻ ക്രൂവും ഉൾപ്പെടെ മൊത്തം 40 പേർ വിമാനത്തിൽ ഉണ്ടായിരുന്നു.

വിമാനത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ മൂന്നു മാസം വരെയും മർദിച്ച സംഭവത്തിൽ ആറു മാസം വരെയും യാത്രാ വിലക്ക് ഏർപ്പെടുത്താം. വിമാനത്തിനുള്ളിൽ ആരെയെങ്കിലും ശാരീരികമായി ആക്രമിച്ചാൽ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്ട് പ്രകാരം ഒരു വർഷം കഠിന തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും സംഭവത്തിൽ കേസെടുക്കാം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് എതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേരള പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇവർ മദ്യപിച്ചാണ് വിമാനത്തിൽ കയറിയതെന്നും നിലത്ത് കാലുറയ്ക്കുന്നുപോലുമില്ലായിരുന്നു എന്നായിരുന്നു വിമാനം തിരുവനന്തപുരത്ത് എത്തിയ ഉടൻ സംഭവത്തെക്കുറിച്ച് പ്രതികരണം തേടിയ ദൃശ്യമാധ്യമങ്ങളോട് ഇ.പി.ജയരാജൻ പ്രതികരിച്ചത്. മുഖ്യമന്ത്രി ഇറങ്ങിയശേഷമായിരുന്നു ഇവർ പ്രതിഷേധമെന്നു പറഞ്ഞതെന്നും യൂത്ത് കോൺഗ്രസ് എന്നു പറയാൻ പോലും പറ്റാതെ നാക്കുകൾ കുഴയുന്നുണ്ടായിരുന്നുവെന്നും ഇ.പി. പറഞ്ഞിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ യുവാക്കൾ മദ്യപിച്ചില്ലെന്നു വ്യക്തമായതോടെ ഇ.പി. നിലപാട് മാറ്റി. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം എങ്ങനെ ഇവർ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന ചോദ്യവും ഇ.പിയുടെ ആദ്യ പ്രതികരണം കേട്ടവർ ഉയർത്തുന്നുണ്ട്. 

English Summary: Flight protest: Indigo Airlines faces Cyber Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com