ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 27 വരെ റിമാൻഡ് ചെയ്തത്. ഇരുവരുടേയും ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളിൽ പിടിച്ചുതള്ളി മർദിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും നാട്ടിൽ രണ്ടു നീതിയാണോ ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൾ ജോൺ മാത്യു ചോദിച്ചു. വധശ്രമം നടന്നു എന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. പ്രതികൾക്കു വിമാനത്തിനുള്ളിൽ മാരകായുധങ്ങളുമായി കയറാൻ സാധിക്കില്ല.

‘നിന്നെ ഞങ്ങൾ വച്ചേക്കില്ല’ എന്നു മുഖ്യമന്ത്രിയോട് പറഞ്ഞതു കൊണ്ടാണ് വധശ്രമക്കേസ് റജിസ്റ്റർ ചെയ്തതെന്നാണ് റിമാൻഡ് റിപ്പോർട്ട്. അങ്ങനെ പറഞ്ഞതു കൊണ്ട് മാത്രം വധശ്രമത്തിനു കേസ് എടുക്കാനാകില്ല. സുരക്ഷാ വീഴ്ച ഉണ്ടായാൽ പരാതി പറയേണ്ട വിമാനത്താവള അധികൃതരോ വിമാനക്കമ്പനിയോ പരാതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

മുഖ്യമന്ത്രിയെ ആക്രമിച്ചതിനാൽ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസാണിതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകും. കണ്ണൂരിൽനിന്ന് കയറുമ്പോൾ തന്നെ പ്രതികൾ ഗൂഢാലോചന നടത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പരിക്കു പറ്റി ആശുപത്രിയിലാകുമായിരുന്നു. ഗൗരവമുള്ള കേസായി പരിഗണിച്ച് പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ച് ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രിക്കു നേരെ പ്രതികൾ പാഞ്ഞടുത്തതായാണ് വലിയതുറ പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ട്.

English Summary: Flight protest: youth congress activists remanded till 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com