ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും അവരെ ആഞ്ഞുതള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും നിയമമനുസരിച്ച് ഒരേ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നു വ്യോമയാന മേഖലയിലെ വിദഗ്ധർ. പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത പൊലീസിന് ഇ.പി.ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടിവരും. പൊലീസ് അതിനു തയാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികളെയും കോടതിയെയും സമീപിക്കാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും കേസെടുക്കേണ്ടിവരും.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്.

നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം. തീവ്രവാദസംഘടനകൾ ഉൾപ്പെടുന്ന കേസുകളിലാണ് ഇത്തരം കടുത്ത ശിക്ഷയുള്ളത്. മറ്റുള്ള കേസുകളിൽ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. ഒരു വർഷംവരെ തടവോ പിഴ ശിക്ഷയോ യാത്രാവിലക്കോ ലഭിക്കുന്ന കേസുകളുണ്ട്.

1248-ep-jayarajan
ഇ.പി.ജയരാജൻ

നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം. ബിസിഎഎസ് വ്യോമയാന മന്ത്രാലയവുമായും എയർപോർട്ട് അതോറിറ്റിയുമായും ചർച്ച ചെയ്ത് ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ റീജനൽ ഓഫിസ് ചെന്നൈയിലുണ്ട്. കമ്മിറ്റി ഉദ്യോഗസ്ഥർ ഉടനെ വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. ഇത്തരം പരിശോധന തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നതായാണ് വിവരം. വിമാനത്തിനുള്ളിലെ സംഘർഷത്തിന്റെ വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അറിയിച്ചിട്ടുണ്ടെങ്കിൽ റെക്കോർ‍ഡ് ചെയ്യപ്പെട്ട സന്ദേശം സീൽ ചെയ്തു മാറ്റി വയ്ക്കും. വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് ഉടനടി കൈമാറും.

ബിസിഎഎസ് വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും. കുറ്റക്കാരാണെന്നു കണ്ടെത്തുന്നവരെ അറസ്റ്റു ചെയ്യാൻ പൊലീസിനു നിർദേശം നൽകും. ട്രയൽ കോർട്ടിലേക്ക് കേസ് പോകും. 2013ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചിലർ കോക്ക് പിറ്റിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്ന് പൈലറ്റ് എടിഎസിലേക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. തുടർന്ന്, ബിസിഎഎസ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപിച്ചിരുന്നു.

ആന്റി ഹൈജാക്കിങ് നിയമം അനുസരിച്ച്, വിമാനം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നു തെളിഞ്ഞാൽ കടുത്ത ശിക്ഷ ലഭിക്കും. ഇതിന്റെ തുടർനടപടികള്‍ക്കായി സംസ്ഥാനത്ത് ഉന്നതാധികാര സമിതിയുണ്ട്. വിമാനത്താവള ഡയറക്ടറാണ് കൺവീനർ. ഡിജിപി ഇന്റലിജൻസ് മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. സമിതിക്കായി പ്രത്യേക സംവിധാനങ്ങളും തലസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഇവരുടെ നിർദേശം പരിഗണിക്കുന്നത് ഡൽഹിയിലുള്ള ഉന്നതാധികാര സമിതിയാണ്. അതിൽ കാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വ്യോമയാന സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ ഇന്‍ഡിഗോ വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബിസിഎഎസ് അടക്കമുള്ള ഏജൻസികൾക്കു കൈമാറി. കോക്ക് പിറ്റിനു മുന്നിലുള്ള ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കും. യാത്രാവിലക്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണം പൂർത്തിയായശേഷമാണ് തീരുമാനിക്കുന്നത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതായി കണ്ടെത്താനായിട്ടില്ല.
ഇ.പി.ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിനെതിരെയും യൂത്ത് കോൺഗ്രസ് പരാതി നൽകി. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) അനുസരിച്ച് വിമാനത്തിൽ ഒരാൾ മറ്റൊരാളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്. ശാരീരികമായും വാക്കുകൾ കൊണ്ടും ഇങ്ങനെ ചെയ്യാൻ പാടില്ല. ചെയ്താൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

2017ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് നിയമം അനുസരിച്ച് വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം. ശാരീരികമായ ഉപദ്രവത്തിൽ പിടിച്ചു തള്ളുന്നതും ഉൾപ്പെടുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്.

English Summary: Flight row: LDF Convener EP Jayarajan likely to face legal action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com