ADVERTISEMENT

കൊച്ചി∙ ഗൂഢാലോചനക്കേസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ സർക്കാരിനോടു വിശദീകരണം തേടി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്. കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി റജിസ്റ്റർ ചെയ്ത കേസിനു നിലനിൽപ്പില്ലെന്നു ചൂണ്ടിക്കാട്ടി സ്വപ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിനു മാറ്റി.

മാധ്യമങ്ങളുമായി സംസാരിച്ചതോ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയതിന്റെയോ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്നാണ് സ്വപ്നയുടെ വാദം. മുഖ്യമന്ത്രിയും ഭാര്യ കമലയും ഉൾപ്പടെയുള്ളവർ യുഎഇ കോൺസിലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട് എന്നായിരുന്നു സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി. ഇരകൾക്കു സംരക്ഷണം നൽകാനുള്ള 2918ലെ വിക്ടിം പ്രൊട്ടക്ഷൻ സ്കൂം പ്രകാരം തനിക്ക് സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗൂഢാലോചന നടത്തിയാണ് സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനാണ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതെന്നും കാണിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയിലാണ് സ്വപ്നയ്‌ക്കെതിരെ കേസെടുത്തത്. ഗൂഢാലോചനയും കലാപശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കെ.ടി.ജലീലിന്റെ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.

English Summary: High Court Seeks an Explanation From The Government on Swapna Suresh's Petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com