ADVERTISEMENT

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായതിനു പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിനുനേരെ ബോംബേറുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം. ഓഫിസിന്റെ ജനലുകളും വാതിലുകളും തകർന്നു.

വടകര വള്ള്യാട് പ്രിയദർശിനി ബസ് സ്റ്റോപ്പും കോൺഗ്രസ് കൊടിമരവും നശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തിയതിനു പിന്നാലെ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഉൾപ്പെടെ സംസ്ഥാനമെങ്ങുമുള്ള കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെത്തുടർന്നുള്ള പ്രതിഷേധം ഇതോടെ സ്ഫോടനാത്മകമായി.

കെപിസിസി ആസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവർക്ക് എതിരെ കേസ് എടുത്തു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎയ്ക്കും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തി, നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി എന്നിവയാണ് കുറ്റങ്ങള്‍. തിങ്കളാഴ്ച രാത്രി പത്തോടെ നടന്ന പ്രകടനത്തിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

congress protest wayanad
കൽപ്പറ്റയിലെ കോൺഗ്രസ് പ്രതിഷേധം.

മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിനു കൈമാറി. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

English Summary: In-flight ruckus in CM plane: Clash between CPM - Congress: Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com