കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഇപിക്കെതിരെ പരാതി

ep-Jayarajan-1248
ഇ.പി. ജയരാജൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽവച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിക്കു നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.

‘വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ എന്നയാൾ മേൽ വിവരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവർത്തി മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ – യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ കളവായി ആരോപിച്ച് കേസെടുത്തെന്നും പരാതിയിലുണ്ട്.

English Summary: Youth Congress Complaint Against E.P.Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS