ADVERTISEMENT

ന്യൂഡൽഹി ∙ സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിവീരന്‍മാർക്ക്' മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 'അഗ്നിപഥ് പദ്ധതി' പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്കാണു മുൻഗണന നൽകുക. രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ 'അഗ്നിപഥ് യോജന' പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

'യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേര്, ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ ‘അഗ്നിവീർ’ എന്ന് അറിയപ്പെടും. സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്'- വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫിസർ എയർമാർഷൽ ബി.സാജു വിശദീകരിച്ചു. 

അഗ്നിവീരന്‍മാർക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക്‌ ശേഷം പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ സേനയുടെ ശരാശരി പ്രായം 4-5 വർഷം കുറയും.

മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ 'സേവാ നിധി' പാക്കേജ് നൽകും. നാല് വർഷത്തേക്ക് അതത് സൈനിക നിയമങ്ങൾക്ക് കീഴിലുള്ള സേനയിൽ ചേർക്കും.

indian-army
ഇന്ത്യൻ സൈന്യം (Photo by Money SHARMA / AFP)

ഈ വർഷത്തെ റിക്രൂട്ട്‌മെന്റ് റാലി അടുത്ത 90 ദിവസത്തിനകം നടത്തും. 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. ജൂലായ് 2023-ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. 

ഒന്നാം വർഷം - 30,000 രൂപ 

രണ്ടാം വർഷം - 33,000 രൂപ 

മൂന്നാം വർഷം - 36,500 രൂപ 

നാലാം വർഷം - 40,000 രൂപ 

നാലു വർഷത്തിന് ശേഷം സേവാ നിധിയിലേക്കുള്ള മൊത്തവിഹിതം - 5.02 ലക്ഷം

നാലു വർഷ സേവന കാലാവധിക്ക് ശേഷം - 11.71 ലക്ഷം സേവാ നിധി പാക്കേജ്

 

‘സേവാ നിധി’യെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കും. ഗ്രാറ്റുവിറ്റിക്കും പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാവില്ല. അഗ്നിവീരർക്ക് ഇന്ത്യൻ സായുധ സേനയിലെ സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകും.

അഗ്നിപഥ് പദ്ധതിക്കു കീഴിൽ നിയമിക്കപ്പെടുന്ന അഗ്നിവീരന്മാരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിന്, പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി മൂന്ന് വർഷ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി കരസേനയും നാവികസേനയും വ്യോമസേനയും ഇഗ്നോയുമായി ധാരണാപത്രം ഒപ്പിടും.

English Summary: Agneepath trainers to get preference in CAPF and Assam Rifles recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com