തിരുവനന്തപുരം∙ അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരുമായി കടന്ന മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തു. ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ കേസെടുക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ് എന്നിവരുമായാണ് മീൻപിടുത്തത്തിന് എത്തിയവർ കടന്നത്. പൊലീസുകാരെ ബന്ദികളാക്കി കൊണ്ടുപോയെന്ന വിവരത്തെത്തുടർന്ന് ബോട്ടുകളിൽ കോസ്റ്റൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു. അഞ്ചുതെങ്ങ് ഭാഗത്തേക്കു പോയ സൗഭാഗ്യ എന്ന ബോട്ട് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കോസ്റ്റൽ പൊലീസ് ബോട്ടിൽ എത്തിയത്. കടലിൽ മീൻപിടിക്കുകയായിരുന്ന ബോട്ടിലേക്ക് ഉദ്യോഗസ്ഥർ കയറി. ബോട്ട് വിഴിഞ്ഞത്തേക്കു വിടാൻ നിർദേശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങു ഭാഗത്തേക്കു വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. കോസ്റ്റൽ പൊലീസ് ബോട്ടിൽ പിന്തുടർന്നു.
English Summary : Fishermen Escaped with Coastal Police