ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ വിമാനത്താവളത്തിൽ പിടിച്ചുവച്ചെങ്കിലും, ഇവർക്കൊപ്പമുണ്ടായിരുന്ന സുനിത് രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം.

സുനിത്തിനെ മൂന്നു ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സർക്കുലർ കൈമാറാൻ തീരുമാനിച്ചത്. കേസിന്‍റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ഇന്നു ചേരും. പ്രതിഷേധം നടന്ന വിമാനം നേരിട്ടു പരിശോധിച്ചും ഇന്ന് തെളിവ് ശേഖരിക്കും.

ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ. 27 വരെയാണ് ഇവരെ റിമാൻഡ് ചെയ്‌തത്‌. ഒളിവിലുള്ള സുനിത് നാരായണൻ മൂന്നാം പ്രതിയാണ്. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണു കേസ് റജിസ്റ്റർ ചെയ്‌തത്‌.

അതിനിടെ, കേസ് മജിസ്ട്രേട്ട് കോടതി പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കൈമാറി. മജിസ്ട്രേട്ട് കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണു നടപടി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകും. പ്രിൻസിപ്പൽ സെഷൻസ് കോടതി ഇനി ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതി രൂപീകരിച്ച് ഈ കേസ് അങ്ങോട്ടു മാറ്റും. നിലവിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ചെന്നൈയിൽ പ്രത്യേക കോടതിയുണ്ട്. അവിടേക്കു മാറ്റുമോയെന്നു വ്യക്തമല്ല.

ഫർസീന് അധ്യാപക യോഗ്യത ഇല്ലെന്ന് റിപ്പോർട്ട്

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനു പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് അധ്യാപക ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്ന് റിപ്പോർട്ട്. മുട്ടന്നൂർ യുപി സ്കൂളിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പ്രബേഷൻ കഴിഞ്ഞിട്ടില്ല. അധ്യാപക ജോലിക്കുള്ള യോഗ്യതയായ കെ–ടെറ്റും പാസായിട്ടില്ലെന്ന് ഡിഡിഇ ഡിപിഐക്കു റിപ്പോർട്ട് നൽകി. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഫർസീനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോലിയിലെ യോഗ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

English Summary : Look out circular for third person involved in flight protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com