ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രണ്ടാം ദിവസവും കേസില്ല. മർദനത്തിന് ഇരയായാവർ പരാതി നൽകിയില്ലെന്നാണു പൊലീസ് ഭാഷ്യം. യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിനു കേസെടുത്തപ്പോൾ ഇ.പി.ജയരാജനെതിരെയും നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റേതായ പത്തിലേറെ പരാതികൾ ഡിജിപിക്കു ലഭിക്കുകയും ചെയ്തു.

ഡിജിപി അതെല്ലാം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കു കൈമാറിയെങ്കിലും അദ്ദേഹം അതു താഴോട്ടു കൊടുത്തിട്ടില്ല. ആരെങ്കിലും പരാതി നൽകിയിട്ടു കാര്യമില്ല, മർദനമേറ്റെങ്കിൽ ഫർസീൻ മജീദും നവീൻ കുമാറുമാണു പരാതിപ്പെടേണ്ടതെന്നും അപ്പോൾ പരിശോധിക്കാമെന്നുമാണ് പൊലീസ് നിലപാട്.

ഇതേസമയം, മുഖ്യമന്ത്രിക്കെതിരെ നടന്നതു വധശ്രമമാണെന്ന് ഉറപ്പിക്കാനുള്ള തെളിവു ശേഖരിക്കുന്ന ശ്രമത്തിലാണു പ്രത്യേക അന്വേഷണ സംഘം. വിമാനത്തിലുണ്ടായിരുന്ന വനിത വികസന കോർപറേഷൻ എം.ഡി വി.സി.ബിന്ദു ഉൾപ്പെടെ 3 യാത്രക്കാരുടെ മൊഴിയെടുത്തു. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ടും ശേഖരിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 27 വരെയാണ് ഇവരെ റിമാൻഡ് ചെയ്‌തത്‌. മൂന്നാം പ്രതി സുനിത് നാരായണൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണു കേസ് റജിസ്റ്റർ ചെയ്‌തത്‌.

English Summary: Kerala Police Yet To Register Case Against EP Jayarajan Over Incidents Inside Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com