ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാഡിഎംകെയിൽ അധികാരം പിടിച്ചെടുക്കാനുള്ള ഒ.പനീര്‍സെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടെയും പോരാട്ടം തെരുവിലെത്തി. പാര്‍ട്ടി ആസ്ഥാനത്ത് അണികള്‍ ചേരിതിരിഞ്ഞു പ്രകടനം നടത്തി. വ്യാഴാഴ്ച നടക്കുന്ന ജനറല്‍ ബോഡിയില്‍ ഏകനേതൃത്വത്തിലേക്കു പാര്‍ട്ടി മാറണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ എടപ്പാടി പളനിസാമി നീക്കങ്ങള്‍ സജീമാക്കിയതോടെ തന്നെ ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണന്ന് ഒ. പനീര്‍സെല്‍വം തുറന്നടിച്ചു.

നേതാവാകാന്‍ ഒപിഎസും ഇപിഎസും കച്ചക്കെട്ടിയിറങ്ങിയപ്പോള്‍ ഇന്നലെ വരെ ഒരേതണ്ടിലെ രണ്ടിലകളായിരുന്ന അണികള്‍ പരസ്പരം പോരടിക്കുകയാണ്. ആസ്ഥാനമായ എംജിആര്‍ മാളികയ്ക്കു മുന്നിൽ പരസ്പരം ചീത്തവിളിക്കുന്നു, അധിക്ഷേപിക്കുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണയുറപ്പാക്കിയ എടപ്പാടി പളനിസാമി പാര്‍ട്ടി പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്. തടയിടാന്‍ ജയലളിത വികാരം പരമവധി ഉയര്‍ത്തുകയാണു പനീര്‍സെല്‍വം. ജനറല്‍ സെക്രട്ടറി പദവി ജയലളിതയ്ക്കായി നേരത്തെ മാറ്റിവച്ചതാണ്. ഇതില്‍ മാറ്റം വരുത്തുന്നത് അമ്മയെ അപമാനിക്കലാണെന്നാണു ഒപിഎസ് പറയുന്നത്. തന്നെ ഒതുക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണന്നു പാര്‍ട്ടി ആസ്ഥാനത്തിരുന്ന് ഒപിഎസ് പരസ്യമായി വെല്ലുവിളിക്കുക കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ടു.

തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു കാരണം ഇരട്ട നേതൃത്വമാണെന്നാണ് ഇപിഎസ് പക്ഷം ആരോപിക്കുന്നത്. കൂടാതെ ഡിഎംകെ സര്‍ക്കാരിനെതിരെ ക്രിയാത്മ പ്രതിപക്ഷമായി സജീവ ഇടപടല്‍ നടത്താന്‍ ഇരട്ട നേതൃത്വത്തിനാകുന്നില്ലെന്നും ഒരുവിഭാഗം പരാതി ഉന്നയിക്കുന്നു. ജയലളിതയുടെ മരണത്തിനുശേഷം ഒ.പനീര്‍സെല്‍വം കോ ഓര്‍ഡിനേറ്ററും എടപ്പാടി പളനിസാമി ജോയന്റ് കോ–ഓര്‍ഡിനേറ്ററുമായ ഇരട്ട നേതൃത്വമാണു അണ്ണാ ഡിഎംകെയെ നയിക്കുന്നത്.

English Summary: Conflit between Edappadi K Palaniswami and O Paneerselvam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com