ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ; കൂടുതല്‍ സംവരണവുമായി കേന്ദ്രം

1248-agneepath-chennai
അഗ്നിപഥ് പദ്ധതിക്കെതിരെ ചെന്നൈയിൽ പ്രതിഷേധിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു; (Photo by Arun SANKAR / AFP)
SHARE

ന്യൂഡൽഹി∙ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ ബിഹാറിലെ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. ബിഹാറിലെ ഉപമുഖ്യമന്ത്രി അടക്കം 10 നേതാക്കള്‍ക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം  കേരളവും തമിഴ്‍നാടും ഉൾപ്പെടെയുള്ള കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചതോടെ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.

ബിഹാറിൽ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഭരണകക്ഷിയിൽ വീണ്ടും അസ്വസ്ഥത പുറത്തുവന്നു. പാർട്ടി ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോൾ പൊലീസ്‌ കാഴ്ചക്കാരായി നിന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. ജയ്സ്വാളിന്റെ ആരോപണങ്ങൾക്കു മറുപടിയായി പദ്ധതിയിലെ സംശയങ്ങൾ തീർക്കുന്നതിനു പകരം ഭരണകക്ഷിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ബിജെപിയെന്നു ജെഡിയു തിരിച്ചടിച്ചു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക ഉൾപ്പെടെ ബിജെപി ഭരിക്കുന്ന ഏഴ്‌ സംസ്ഥാനങ്ങൾ അഗ്നിവീറുകൾക്കു ജോലികളിൽ മുൻഗണന ഉൾപ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിഹാറിൽ ഇന്ന് രാത്രി 8 മണി വരെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ രാത്രി 8 വരെയും ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കില്ല.

അതേസമയം നിയമനങ്ങളിൽ സംവരണാനുകൂല്യമടക്കം പ്രഖ്യാപിച്ചു യുവാക്കളുടെ രോഷാഗ്നി അണയ്ക്കാൻ കേന്ദ്ര സർക്കാർ തീവ്രശ്രമം തുടങ്ങി. 4 വർഷം പ്രതിരോധ സേനകളിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുന്ന അഗ്നിവീർ സേനാംഗങ്ങൾക്കു കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ തുടർ നിയമനങ്ങളിൽ 10% സംവരണം വാഗ്ദാനം ചെയ്തു. സിആർപിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി ഉൾപ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകളിലും അസം റൈഫിൾസിലുമാണ് ആഭ്യന്തര മന്ത്രാലയം സംവരണം അനുവദിക്കുക.

English Summary: BJP leaders get CRPF security cover in Bihar as Agnipath stir intensifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS