ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ േപരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്.

സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നാണ് സൂചന. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിർദേശിച്ചത്.

പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരാ‌യി തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടെങ്കിലും ഒരു സംഘടനയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതിനൊപ്പം പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം കൂടി വന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണമെന്നും നിർദ്ദേശിച്ചു. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിലുണ്ട്.

സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്.

English Summary: Confusion prevails over bandh announcement by Kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com