ADVERTISEMENT

തിരുവനന്തപുരം∙ എം.എ.യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എംപി. ഭക്ഷണം കൊടുത്തതിനൊന്നുമല്ല ലോക കേരള സഭയെ വിമര്‍ശിച്ചത്. ഗാന്ധി പ്രതിമയുടെ തല വെട്ടിയപ്പോള്‍ ഒരു സാംസ്കാരിക നായകരെയും കണ്ടില്ലെന്നും കെ. മുരളീധരന്‍ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. ലോക കേരള സഭയിൽ ഉയർന്നു വരുന്ന വിഷയങ്ങളൊന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സമ്മേളനം കൊണ്ട് ഒരു ഉപകാരവും ഉണ്ടാകുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു.

മോൻ‍സൺ മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാ‍രിയായി പ്രവർത്തിച്ച അനിത പുല്ലയിൽ, സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ എങ്ങനെയെത്തിയെന്നും മുരളീധരൻ ചോദിച്ചു. അനിത പുല്ലയിലിനെ നിയമസഭയില്‍ പ്രവേശിപ്പിക്കാതെ സ്പീക്കർ എം.ബി.രാജേഷ് എന്തുകൊണ്ടു തടഞ്ഞില്ല? എംപിമാർക്കു പോലും നിയമസഭയിൽ പ്രവേശിക്കാൻ സ്പീക്കറുടെ അനുമതി വേണം. ബ്ലാക് ലിസ്റ്റിലുള്ള ആൾ എങ്ങനെ നിയമസഭയിൽ കയറിയെന്നും മുരളീധരൻ ചോദിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അതുവരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരും. കളങ്കിതരാ‍യവർ ഭരണത്തിന്റെ പങ്കു പറ്റു‍കയാണ്. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽ, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ച് വ്യവസായി എം.എ.യൂസഫലി രംഗത്തെത്തിയിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂർത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ പശ്ചാത്തലത്തിലാണ് യൂസഫലിക്കെതിരെ കെ.മുരളീധരൻ രംഗത്തെത്തിയത്.

English Summary: K Muraleedharan MP slams Loka Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com