ADVERTISEMENT

കണ്ണൂർ ∙ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഒരു കോടിയോളം രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നടപടിക്കു വിധേയനായ ടി.ഐ.മധുസൂദനൻ എംഎൽഎയെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്നും, മധുസൂദനൻ എംഎൽഎ എന്ന നിലയിൽ തുടരരുതെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ അക്രമികൾ തകർത്ത ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കഴുത്തറുക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹം പയ്യന്നൂർ ഗാന്ധി മന്ദിരത്തിലെ രാഷ്ട്ര പിതാവിന്റെ പ്രതിമയുടെ തലയറുത്ത് തീർത്തുവെന്നും സുധാകരൻ പറഞ്ഞു. ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിയാലേ സിപിഎം പഠിക്കൂവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. വിമാനത്തിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട ഇ.പി.ജയരാജനെ കേസിൽ പ്രതി ചേർത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, പയ്യന്നൂരിൽ പാർട്ടി ഫണ്ട് അപഹരിക്കപ്പെട്ടിട്ടില്ലെന്നും വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്കു വീഴ്ച പറ്റിയതാണെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ടി.ഐ.മധുസൂദനൻ എംഎൽഎയോടൊപ്പം ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു.

കണക്കുകളും രേഖകളും സഹിതം തിരിമറി പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നയാളാണ് കുഞ്ഞിക്കൃഷ്ണൻ. ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റുകയായിരുന്നു. പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ലെന്ന കുറ്റത്തിന് ടി.ഐ.മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ചെയ്തു. മൊത്തം 6 പേർക്കെതിരെയാണ് അച്ചടക്ക നടപടി. ഇക്കാര്യം പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ടിലും നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നുവെന്നാണു പരാതി.

English Summary: Misappropriation of CPM party fund; K. Sudhakaran speaks against MLA TI Madhusoodanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com