ADVERTISEMENT

ന്യൂഡൽഹി∙ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച  804 പേർ ബിഹാറിൽ അറസ്റ്റിൽ. ബിഹാറിൽ പൊതുമുതൽ നശിപ്പിച്ചതിന് 145 കേസുകളെടുത്തു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയതു തുടരുമെന്നും പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു  ഭോജ്പുർ  എസ്പി സഞ്ജയ് കുമാർ സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിയാൻ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായ ഭോജ്പുരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എസ്പി സഞ്ജയ് കുമാർ സിങ് പറഞ്ഞു. 

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ കരസേനയിൽ 40,000 പേരുടെ നിയമനത്തിനുള്ള കരടുവിജ്ഞാപനം ഇന്നു പുറത്തിറക്കും. വ്യോമ, നാവിക സേനകളിൽ 3000 പേർക്കു വീതമുള്ള നിയമന നടപടികൾ യഥാക്രമം വെള്ളി, ശനി ദിവസങ്ങളിൽ തുടങ്ങും. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയായി റിക്രൂട്മെന്റ് റാലികൾ നടത്തും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങും.

സമരം ചെയ്തവർക്കു സൈന്യത്തിൽ ചേരാനാകില്ലെന്നു മൂന്നു സേനാ പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മിലിറ്ററി അഫയേഴ്സ് ഡിപ്പാർട്മെന്റ് അഡീഷനൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം വേണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും നിയമനമില്ല.

‘അഗ്നിവീർ’ സേനാനികൾ സേവനകാലത്തു മരണമടഞ്ഞാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്രം ആവർത്തിച്ചു. സേവനകാല വ്യവസ്ഥകളിൽ സാധാരണ സൈനികരുമായി വിവേചനമില്ല. സിയാചിനിൽ സേവനം അനുഷ്ഠിക്കുന്ന സാധാരണ സൈനികരുടെ അതേ ആനുകൂല്യങ്ങൾ തന്നെ അഗ്നിവീർ സേനാനികൾക്കും നൽകും.

English Summary: Anti- Agnipath protests:840 people arrested in Bihar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com