ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ സ്വേച്ഛാധിപതി ഹിറ്റ്‌ലറെപ്പോലെ മരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായി നടത്തിയ പരാമർശം വിവാദത്തിൽ. അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുൻ മന്ത്രി വിവാദ പരാമർശം നടത്തിയത്.

‌‘‘മോദി ഹിറ്റ്‍ലറുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അദ്ദേഹം ഹിറ്റ്ലറെപ്പോലെ മരിക്കും’’ എന്നായിരുന്നു സുബോധ് കാന്തിന്റെ പരാമർശം. ഇദ്ദേഹത്തിന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. മോദിയുടെ ഭരണശൈലിയെ വിമർശിക്കുമ്പോഴാണ് സുബോധ് കാന്ത് വിവാദ പരാമർശം നടത്തിയത്.

‘‘ഹിറ്റ്‍ലറുടെ ചെയ്തികളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനമെന്ന് എനിക്കു തോന്നുന്നു. ഹിറ്റ്‍ലർ ‘കാക്കി’ എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചു. ഹിറ്റ്‍ലറുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് മോദി ഇഷ്ടപ്പെടുന്നതെങ്കിൽ, അദ്ദേഹം ഹിറ്റ്ലറെപ്പോലെതന്നെ മരിക്കും. മോദി ഇക്കാര്യം ഓർത്താൽ നന്ന്’’ – ഇതായിരുന്നു സുബോധ് കാന്തിന്റെ പരാമർശം.

സുബോധ് കാന്തിന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ രഘുബർ ദാസ് രംഗത്തെത്തി. ഇത്തരം മോശം പരാമർശങ്ങൾ കോൺഗ്രസ്സിന്റെ ജനിതക ഘടനയിലുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘ഇത്തരം മോശം പ്രയോഗങ്ങൾ കോൺഗ്രസ്സുകാരുടെ ഡിഎൻഎയിലുള്ളതാണ്. ഇതേ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഒരു തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അദ്ദേഹത്തെ മരണത്തിന്റെ വ്യാപാരി എന്നു വിളിച്ചത് നാം മറന്നിട്ടില്ല. ഈ പരാമർശം ഗുജറാത്ത് ജനതയെ വേദനിപ്പിച്ചതിന്റെ ഫലമാണ് അന്ന് ബിജെപി നേടിയ ചരിത്ര വിജയം’’ – രഘുബർ ദാസ് ചൂണ്ടിക്കാട്ടി.

ബിജെപി നേതാവ് അമിത് മാളവ്യയും വിമർശിച്ചു. ‘‘പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമാണോ? ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത നിരാശയുണ്ട്. അതിന്റെ സൂചനയാണ് ഇത്തരം പ്രസ്താവനകൾ’’ – മാളവ്യ പറഞ്ഞു. പരാമർശം വിവാദമായതോടെ വിശദീകരണവുമായി സുബോധ് കാന്ത് രംഗത്തെത്തി.

‘‘നരേന്ദ്ര മോദിയോടുതന്നെ ചോദിച്ചു നോക്കൂ. ഇതേ മുദ്രാവാക്യം അദ്ദേഹവും ഉയർത്തിയിട്ടുണ്ടാകും. ഹിറ്റ്‍ലറുടെ വഴിയേ സഞ്ചരിച്ചാൽ, ഹിറ്റ്ലറെപ്പോലെ മരിക്കും എന്നത് ഒരു മുദ്രാവാക്യമാണ്. ഏതു വഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കൂ’’ – സുബോധ് കാന്ത് എഎൻഐയോടു പറഞ്ഞു.

English Summary: Ex-Union minister Subodh Sahai wishes 'Hitler's death' for PM Modi amid Agnipath protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com