Premium

‘സ്വപ്നയ്ക്ക് ‘22 ഫീമെയിലിലെ’ നായികയുടെ അവസ്ഥ; പീഡനങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും’

HIGHLIGHTS
  • എന്തുകൊണ്ടാണ് സ്വപ്നയെ എച്ച്ആർഡിഎസ് നിയമിച്ചത്?
  • എച്ച്ആർഡിഎസിന് ആർഎസ്എസുമായി ബന്ധമുണ്ടോ?
  • സ്വപ്നയെ സഹായിക്കുന്നത് എച്ച്ആർഡിഎസിന്റെ പ്രവർത്തനത്തിന് തിരിച്ചടിയാകുമോ?
  • വിവാദങ്ങളിൽ മറുപടിയുമായി എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ
Swapna Suresh HRDS Aji Krishnan
സ്വപ്‌ന സുരേഷ്, എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ
SHARE

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കൂടു തുറന്നു വിട്ട വിവാദങ്ങൾ കേരള രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റാവുകയാണ്. തുടർച്ചയായ ആരോപണങ്ങൾ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നു. സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനമായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയും (എച്ച്ആർഡിഎസ്) ഇതോടൊപ്പം വാർത്തകളിൽ നിറയുകയാണ്. എച്ച്ആർഡിഎസ് എന്നാൽ എന്താണ്? ഇതിന്റെ പ്രവർത്തനമേഖല എവിടെയൊക്കെ? ഇവിടെ സ്വപ്നയ്ക്കു ജോലി നൽകാനിടയായ സാഹചര്യമെന്താണ്? എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറിയും തൊടുപുഴ സ്വദേശിയുമായ അജി കൃഷ്ണൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു...

∙ എന്തിനാണ് എച്ച്ആർഡിഎസ് സ്വപ്നയെ സംരക്ഷിക്കുന്നത്?

വളരെ കുഴപ്പം പിടിച്ച സാഹചര്യത്തിൽപ്പെട്ടു പോയ വ്യക്തിയാണ് സ്വപ്ന. അവർ ഒരു ഇരയാണ്. എൻജിഒ എന്ന നിലയിൽ എച്ച്ആർഡിഎസിന് ഒരു കടമയുണ്ട്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല വ്യക്തികളെ സംരക്ഷിക്കേണ്ടത്. എൻജിഒകൾക്കും ഇതിൽ മുഖ്യപങ്കുണ്ട്. ആര് കുഴപ്പത്തിൽപ്പെടുന്നുവോ അവരെ സഹായിക്കുകയെന്നത് എൻജിഒയുടെ ജോലിയാണ്. ആ ജോലി എച്ച്ആർഡിഎസ് നിറവേറ്റി. കേരളത്തിൽ പ്രവർത്തിക്കുന്ന എൻജിഒകളിൽ ഭൂരിഭാഗവും സർക്കാരിന്റെ നക്കാപ്പിച്ച കിട്ടാൻ വേണ്ടി നടക്കുകയാണ്. സർക്കാർ ഗ്രാൻഡ് തട്ടിയെടുക്കുക, അതുകൊണ്ടു ജീവിച്ചു പോവുക എന്നതാണ് കേരളത്തിലെ ചില എൻജിഒകളുടെ ജോലി. സ്വപ്നയെ സഹായിക്കുകയെന്ന ദൗത്യമാണ് എച്ച്ആർഡിഎസിന്.

media-swapna-result-1
സ്വപ്ന സുരേഷ് മാധ്യമങ്ങളോടു സംസാരിക്കുന്നു.

∙ വിവാദ വനിതയെ നിയമിച്ചിട്ടു പക്ഷേ എന്തു നേടി?

സ്വപ്നയുടെ നിയമനത്തിലൂടെ കോട്ടം മാത്രമേ എച്ച്ആർഡിഎസിനുണ്ടായിട്ടുള്ളൂ. പക്ഷേ അവരെ നിയമിക്കാതിരുന്നതു കൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല.

∙ സ്വപ്നയുടെ നിയമനം എങ്ങനെയായിരുന്നു?

ജയിലിൽനിന്നു പുറത്തു വന്ന ശേഷം അവർ നൽകിയ ഒരു അഭിമുഖം എന്റെ അടുത്ത സുഹൃത്ത് കാണാനിടയായി. അതിനു ശേഷം അദ്ദേഹം എന്നെ വിളിക്കുകയും സ്വപ്നയുടെ അവസ്ഥ വിവരിക്കുകയും ചെയ്തു. സർക്കാരും മറ്റു സംവിധാനങ്ങളും സ്വപ്നയെ വേട്ടയാടുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും അവർക്ക് ജോലി അത്യാവശ്യമാണെന്നും ജോലി കൊടുത്താൽ ഉപകാരമാകുമെന്നും പറഞ്ഞു. സ്വപ്നയുടെ അഭിമുഖം ഞാൻ കണ്ടു. എച്ച്ആർഡിഎസ് പ്രസിഡന്റ് സ്വാമി ആത്മ നമ്പിയുമായി ആലോചിച്ച്, ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നു പറഞ്ഞു. ഏതൊരു കാര്യവും സധൈര്യവും നേരിടണമെന്ന നിലപാടാണ് സ്വാമി ആത്മ നമ്പിക്ക്. എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന് ഗുണം ചെയ്യുമെന്ന ചിന്തയുള്ള വ്യക്തിയാണ് അദ്ദേഹം. ആർഎസ്എസിന്റെ മുൻ പ്രചാരക് കൂടിയായ എച്ച്ആർഡിഎസ് വൈസ്പ്രസിഡന്റ് കെ.ജി.വേണുഗോപാലും എന്റെ അഭിപ്രായത്തോട് യോജിച്ചു.

∙ സ്വപ്നയുടെ സേവനം എങ്ങനെയാണ് എച്ച്ആർഡിഎസ് പ്രയോജനപ്പെടുത്തുന്നത്?

ഫെബ്രുവരിയിലാണ് സ്വപ്നയെ, പ്രതിമാസം 43,000 രൂപ ശമ്പളത്തിൽ, എച്ച്ആർഡി‍എസിന്റെ സ്ത്രീശാക്തീകരണ–സിഎസ്ആർ ഡയറക്ടറായി പാലക്കാട്ടെ ഹെഡ് ഓഫിസിൽ നിയമിച്ചത്. വാഹനം, വീട് എന്നിവ നൽകിയിട്ടുണ്ട്. ഇതൊക്കെ എച്ച്ആർഡിഎസിന്റെ പ്രോജക്ട് ഡയറക്ടർമാർക്ക് നൽകുന്നതാണ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കാലാവധി കഴിഞ്ഞ് തുടരണമെങ്കിൽ അവർക്ക് എച്ച്ആർഡിഎസിൽ തുടരാം. അവരെ അനാവശ്യമായി പിരിച്ചു വിടേണ്ട കാര്യമില്ല.

Swapna Suresh
സ്വപ്ന സുരേഷ്. ചിത്രം: മനോരമ

∙ സ്വപ്നയെ എച്ച്ആർഡിഎസ് നിയമിച്ചത് ഐകകണ്ഠ്യേനയാണോ?

കുടുംബം പോലെ കഴിയുന്നവരാണ് എച്ച്ആർഡിഎസ്. ഐകകണ്ഠ്യേനയാണ് സ്വപ്നയെ നിയമിക്കാൻ തീരുമാനമെടുത്തത്. ഒരാളു പോലും എതിർത്തില്ല. ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്ന വേർതിരിവ് എച്ച്ആർഡിഎസിൽ ഇല്ല. മുൻ സിപിഎം നേതാവും, 27 വർഷമായി എച്ച്ആർഡിഎസിൽ പ്രവർത്തിക്കുന്ന ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ കൂടിയായ ജോയി മാത്യുവിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് നിയമനകാര്യത്തിൽ തീരുമാനമെടുത്തത്. സിപിഎമ്മിൽ മുൻപു പ്രവർത്തിച്ചവരും എച്ച്ആർഡിഎസിലുണ്ട്.

∙ എച്ച്ആർഡിഎസ് രൂപീകരിക്കാനുള്ള സാഹചര്യം?

കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കിയപ്പോൾ സിപിഎമ്മിൽ ഉണ്ടായിരുന്ന പലർക്കും അസംതൃപ്തിയുണ്ടായി. പാർട്ടി നേതൃത്വത്തോടുള്ള മടുപ്പായിരുന്നു പലർക്കും. അതിനു ശേഷമാണ് എച്ച്ആർഡിഎസ് രൂപീകരിക്കാൻ തീരുമാനിച്ചത്. തൊടുപുഴയിൽ ഒരു ഗ്ലാസുകടയ്ക്കു പിന്നിലെ മുറിയിൽ വച്ചാണ് എച്ച്ആർ‍ഡിഎസിന്റെ ആദ്യ യോഗം ചേർന്നത്.

∙ എസ്എഫ്ഐയും സിപിഎമ്മും?

ഇ.കെ.നായനാരുടെ ഭരണം കഴിഞ്ഞ ശേഷം സിപിഎം കൊള്ളക്കാരുടെ കൈകളിലായി. പി.ശശിയുടെ വരവോടെ സിപിഎമ്മിന്റെ അപചയം തുടങ്ങി. നായനാരുടെ കാലത്ത് ഏറ്റവും കൂടുതൽ കുഴപ്പങ്ങളുണ്ടാക്കിയത് അന്നു പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയാണ്. ശശിയുടെ ഇടപെടൽ കൊണ്ടാണ് കേരളം ഈ ഗതിയിലായത്. സിപിഎം മാഫിയയുടെ കൈകളിലായതും ശശി കാരണം തന്നെ.

Swapna Suresh
സ്വപ്ന സുരേഷ്

തൊടുപുഴ മുട്ടത്താണ് എന്റെ വീട്. അച്ഛൻ കർഷകൻ. അമ്മ അധ്യാപിക. പാരമ്പര്യമായി കൃഷിയും കാര്യങ്ങളുമാണ്. വണ്ടൻമേടിൽ ഏലത്തോട്ടമുണ്ട്. കുളമാവിലും കുറേ സ്ഥലമുണ്ട്. കോളജിൽ പഠിക്കുന്ന കാലത്താണ് ഞാൻ എസ്എഫ്ഐയിൽ പ്രവർത്തനം തുടങ്ങിയത്. മേലുകാവുമറ്റം കോളജിലാണ് പ്രീ–ഡിഗി പഠിച്ചത്. തുടർന്ന് മാവേലിക്കര രവി വർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ ചേർന്നു. എസ്എഫ്ഐയുടെ മേലുകാവുമറ്റം യൂണിറ്റിലൂടെയാണ് ഞാൻ സംഘടനാ രംഗത്തേക്കിറങ്ങിയത്. അന്നു ഞാൻ സാധാരണ പ്രവർത്തകനായിരുന്നു. മാലേവിക്കര ഫൈൻ ആർട്സ് കോളജിൽ രാഷ്ട്രീയമില്ലായിരുന്നു. കലാകാരൻമാർക്ക് രാഷ്ട്രീയം വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ, അതു പോരെന്നും രാഷ്ട്രീയം വേണമെന്നായിരുന്നു എന്റെ നിലപാടും അഭിപ്രായവും. ഇതിനായി അവിടെ എസ്എഫ്ഐയുടെ യോഗം വിളിക്കുന്നതിനു മുൻകൈയെടുത്തത് ഞാനായിരുന്നു. ഒരു പാടു പേർ അതിനെ എതിർത്തെങ്കിലും ഞാൻ പിന്മാറിയില്ല. 1987 കാലഘട്ടത്തിലായിരുന്നു അത്.

പ്രീ–ഡിഗ്രി ബോർഡിനെതിരെ സമരം നടക്കുന്ന സമയമായിരുന്നു. അവിടെനിന്നു തിരുവനന്തപുരത്ത് പോയി സമരങ്ങളിൽ പങ്കെടുത്തു. പൊലീസിന്റെ ലാത്തിയടിയും കിട്ടി. അന്ന് എസ്എഫ്ഐയുടെ മുഖപത്രമായ സ്റ്റുഡന്റ്സ് മാഗസിന്റെ എഡിറ്ററായിരുന്നു ഞാൻ. മുൻ എംഎൽഎ ജയിംസ് മാത്യു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ സംഘടനയിൽ ഉണ്ടായിരുന്നത്. ബിരുദ പഠനം രണ്ടാം വർഷം കടന്നപ്പോൾ ഞാൻ തൃപ്പൂണിത്തുറ ആർഎൽവി ഫൈൻ ആർട്സ് കോളജിലേക്കു മാറി. ആ സമയത്ത് ഒരു പാട് സമരങ്ങളിൽ പങ്കെടുത്തു. സേവ്യർ എന്നയാൾക്കായിരുന്നു സമരത്തിന്റെയും മറ്റും ചുമതല. എറണാകുളം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ടും ഈ സമയം ഞാൻ പ്രവർത്തിച്ചു. യൂണിറ്റ് ഭാരവാഹിയായിരുന്നില്ല, ക്ഷണിതാവ് എന്ന നിലയിലാണ് എന്നെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ അംഗമാക്കിയത്. തൊടുപുഴ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനം. അജി കൃഷ്ണൻ, സിപിഎം ഓഫിസ്, തൊടുപുഴ എന്ന പേരിലായിരുന്നു എനിക്ക് കത്തുകൾ വന്നിരുന്നത്. അന്നത്തെ തൊടുപുഴ മേഖലയിലെ സിപിഎം നേതാക്കളായ എം.സി.മാത്യുവിനും, പിഎം.മാനുവലിനും ഇതൊക്കെ നന്നായി അറിയാം. 10 വർഷത്തിലേറെക്കാലം ഞാൻ എസ്എഫ്ഐയിലുണ്ടായിരുന്നു.

sfi-flag-1

∙ എച്ച്ആർഡിഎസിന്റെ പ്രവർത്തനം, ലക്ഷ്യം?

ആദിവാസി മേഖലയിലേക്ക് രാഷ്ട്രീയ രംഗത്തുള്ളവർ കടന്നു ചെല്ലുന്നില്ല. അത് വോട്ടു ബാങ്കല്ലല്ലോ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് എച്ച്ആർഡിഎസ് രൂപീകരിച്ചത്. ഇടുക്കി ജില്ലയിൽ ആദിവാസി മേഖലകൾ കൂടുതലാണല്ലോ? എച്ച്ആർഡിഎസ് രൂപീകരിക്കാനുള്ള പ്രധാന കാരണവും അതു തന്നെയാണ്. ആദിവാസികൾക്ക് വീടു നിർമിച്ചു നൽകുക എന്ന പദ്ധതിയാണ് മുഖ്യലക്ഷ്യം. ഇതിനായി വൻ തുക ആവശ്യമുണ്ട്. ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. കനേഡിയൻ ഏജൻസി ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനുള്ള ഫണ്ട് നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലും ഒരു പദ്ധതി ഉടൻ സമർപ്പിക്കും. അട്ടപ്പാടിയിൽ 192 വീടുകളുടെ പണി പൂർത്തിയാക്കി. 1000 വീടുകളാണ് അവിടെ നിർമിക്കാൻ ഉദേശിക്കുന്നത്. 3 പേർ എച്ച്ആർഡിഎസ് ഡയറക്ടർ ബോർഡിലുണ്ട്. 4 പേരെ കൂടി കൊണ്ടു വരും. കേരളത്തിൽ തൊടുപുഴയിൽ ഓഫിസും പരിശീലന കേന്ദ്രമുണ്ട്. കണ്ണൂർ, പാലക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, ഗുജറാത്ത്. ഡൽഹി എന്നിവിടങ്ങളിൽ ഓഫിസുകളും ഉണ്ട്.

∙ ഫണ്ട്?

സിഎസ്ആർ ഫണ്ടുകളാണ് പ്രതീക്ഷിക്കുന്നത്.

∙ മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്.കൃഷ്ണകുമാറിനെ ഒഴിവാക്കിയത് എന്തു കൊണ്ടാണ്?

എസ്.കൃഷ്ണകുമാർ കുറച്ചു കാലം എച്ച്ആർഡിഎസ് പ്രസിഡന്റായിരുന്നു. ഡൽഹിയിലുള്ള കൃഷ്ണകുമാറിന്റെ വീടിനോടു ചേർന്നുള്ള ഓഫിസിലായിരുന്നു കുറച്ചു കാലം എച്ച്ആർഡിഎസ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. കുറച്ചു കാലം മുൻപ് അദ്ദേഹത്തെ എച്ച്ആർഡിഎസിൽ നിന്നു ഒഴിവാക്കി. ഓഫിസ് മാറ്റാനുള്ള നടപടികൾ നടന്നു വരുന്നു. വൻ പ്രോജക്ടുകൾക്കായി ഫണ്ട് സംഘടിപ്പിച്ചു തരാമെന്ന വാഗ്ദാനവുമായിട്ടാണ് എസ്.കൃഷ്ണകുമാർ ഞങ്ങളെ സമീപിച്ചത്. എന്നാൽ ഒരു പൈസ പോലും നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതിനിടെ എച്ച്ആർഡിഎസിൽനിന്ന് വൻ തുക അദ്ദേഹം വായ്പയെടുത്തിരുന്നു. പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസും കത്തും നൽകിയെങ്കിലും തിരിച്ചടച്ചില്ല. എച്ച്ആർഡിഎസ് കമ്മിറ്റികളിലും അദ്ദേഹം തുടർച്ചയായി പങ്കെടുത്തുമില്ല. ഇതേത്തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

Swapna Suresh
സ്വപ്ന സുരേഷ്

∙ എച്ച്ആർഡിഎസിന് ആർഎസ്എസുമായി ബന്ധമുണ്ടോ?

ഒരു പാർട്ടിയുമായും എച്ച്ആർഡിഎസിന് ബന്ധമില്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ എച്ച്ആർഡിഎസ് പ്രോജക്ടിൽ അദ്ദേഹത്തിന്റെ ഓഫിസ് അതീവ താൽപര്യം കാട്ടിയിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ എച്ച്ആർഡിഎസ് നൽകിയ പദ്ധതികൾ ചവറ്റുകുട്ടയിലെറിഞ്ഞ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ആദിവാസി മേഖലയിൽ കാര്യമായ പ്രവർത്തനം നടത്തണമെന്നാണ് എച്ച്ആർഡിഎസിന്റെ മുഖ്യ അജണ്ട. 8 കോടി ആദിവാസികളാണ് രാജ്യത്തുള്ളത്. ഇവർക്കായി രണ്ടരക്കോടി വീടുകൾ ആവശ്യമുണ്ട്. 25 ലക്ഷം പേർക്കു പോലും നല്ല വീടുകളില്ല. ഇവർക്ക് നല്ല വീടുകൾ ഉണ്ടാക്കി കൊടുക്കേണ്ടത് സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പോസിറ്റിവായി കാണുന്നു. മറ്റു സംസ്ഥനങ്ങളിൽ ആദിവാസികളുടെ അവസ്ഥ ദുരിതപൂർണമാണ്. ആദിവാസിക്കായി കോടികൾ സർക്കാർ നൽകുന്നുണ്ട്. എന്നാൽ ഈ പണം ആദിവാസി മേഖലകളിൽ എത്തുന്നില്ല. ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിലാണ് പണം ചെന്നു ചേരുന്നത്. ഇതിന് ഉത്തരവാദികൾ ഉദ്യോഗസ്ഥർ മാത്രമാണ്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണ് ആദിവാസി ക്ഷേമം എന്നത്.

∙ സ്വപ്നയുടെ നീക്കത്തിനു പിന്നിൽ എച്ച്ആർഡിഎസ് ഇടപെടലുണ്ടോ?

ആരുടെയും ഇടപെടൽ ഇല്ല. ഒരാൾ പോലും ഇതേക്കുറിച്ചു നമ്മളോടു സംസാരിച്ചിട്ടില്ല. ഉന്നയിക്കുന്നതെല്ലാം അടിസ്ഥാനരഹിത ആരോപണങ്ങളാണ്.

∙ സ്വപ്നയും ശിവശങ്കറും?

എല്ലാറ്റിന്റെയും മുഖ്യ ആസൂത്രകൻ ശിവശങ്കറാണ്. സ്വപ്നയെ കൊല്ലാൻ നോക്കുകയാണ് അയാൾ. ഏറെ അപകടകാരിയാണ് ശിവശങ്കർ. ഇവിടുത്തെ ഐഎഎസ് ലോബി അങ്ങേയറ്റം അപകടകാരികളാണ്. തട്ടിപ്പുകാരാണ് ഐഎഎസുകാരിൽ പലരും. ഓർമശക്തികൊണ്ട് ഇവർ സിവിൽ സർവീസ് പരീക്ഷ പാസായി. പക്ഷേ പലർക്കും ചെയ്യുന്ന ജോലിയോട് ആത്മാർഥതയില്ല. സമൂഹത്തോടും പ്രതിദ്ധതയില്ല. സ്വപ്നയെ കുടുക്കിയതാണ്. അണിയറ നീക്കങ്ങളിൽ സ്വപനയക്ക് 5 ശതമാനം പങ്കു പോലുമില്ല. സ്വപ്നയ്ക്കു പിന്നിൽ ഉദ്യോഗസ്ഥരാണ്. ശിവശങ്കറാണ് കാശുണ്ടാക്കിയത്.

M Sivasankar
എം.ശിവശങ്കർ

സ്വപ്ന ഒരു വാക്കു പോലും കള്ളം പറയില്ല. ജയിലിൽ അവർ അനുഭവിച്ചത് കൊടിയ പീഡനങ്ങളും ദുരിതങ്ങളുമാണ്. തെറ്റു ചെയ്യിച്ചവർ സുഖമായി ജീവിക്കുന്നു. സ്വപ്നയുടെയും സരിത്തിന്റെയും പാസ്പോർട്ട് തടഞ്ഞു വച്ചിരിക്കുകയാണ്. മറ്റുള്ളവർക്ക് ഇളവു കൊടുത്തു. ജയിലിൽ സ്വപ്ന അനുഭവിച്ച പീഡനങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും. ‘22 ഫീമെയിൽ കോട്ടയം’ എന്ന സിനിമയിൽ, നായകനാൽ ചതിക്കപ്പെട്ട നായികയുടെ സ്ഥിതിയാണ് സ്വപ്നയ്ക്ക്. പൊലീസ് പിടിക്കുമ്പോൾ നായകൻ ഉപേക്ഷിച്ചു പോകുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ... ആ പണിയാണ് ശിവശങ്കർ കാണിച്ചത്.

∙ സ്വപ്നയെ സഹായിക്കുന്നത് എച്ച്ആർഡിഎസിന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

ഒരു എൻജിഒ ചെയ്യുന്ന കടമയാണ് എച്ച്ആർഡിഎസ് ചെയ്യുന്നത്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ നിലപാട് എടുക്കണമെന്ന നിലപാടാണ് എച്ച്ആർഡിഎസിന്. അതിന്റെ ഭാഗമായാണ് സ്വപ്നയെ സഹായിച്ചത്. സർക്കാരിന്റെ നക്കാപ്പിച്ച ഗ്രാൻഡ് മേടിച്ച് ജോലി ചെയ്യേണ്ടവരല്ല എൻജിഒകൾ. സാമൂഹിക മാറ്റങ്ങളുണ്ടാക്കുകയാണ് എൻജിഒയുടെ ദൗത്യവും, ഉത്തവാദിത്തവും. അതാണു ഞങ്ങൾ ചെയ്യുന്നത്.

∙ എച്ച്ആർഡിഎസ് വിവരങ്ങൾ മറച്ചു വയ്ക്കുകയാണെന്ന ആരോപണം?

മുഴുവൻ രേഖകളും പരിശോധിക്കാം. ഒന്നും മറച്ചു വയ്ക്കാനില്ല. എന്തിനാണ് മറച്ചു വയ്ക്കുന്നത്? എച്ച്ആർഡിസിന്റെ പ്രവർത്തനങ്ങളൊന്നും ജനങ്ങൾക്കിടയിൽ മൂടി വയ്ക്കാൻ ശ്രമിച്ചിട്ടില്ല. കുറച്ചു പേർ പുകമറ സൃഷ്ടിക്കുകയാണ്.

∙ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ?

ഇതേക്കുറിച്ച് സ്വപ്നയോടു ഇതു വരെ സംസാരിച്ചിട്ടില്ല.

∙ മുഖ്യമന്ത്രിയുടെ പേരും കേസുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടല്ലോ..?

സ്വയം രാജാവായി നടിക്കുന്നതാണ് പിണറായി വിജയന്റെ കുഴപ്പം. ആർക്കും അഭിപ്രായം പറയാനുള്ള അവസരം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻ നൽകാറില്ല. ദയവായി ഇതൊക്കെ മനസ്സിലാക്കാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്ന അഭ്യർഥനയുണ്ട്. അധികാരഭ്രമം മൂത്ത പിണറായി വിജയൻ, അതിന്റെ അടിമയായി മാറിയിരിക്കുകയാണ്. ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല. ഉപജാപകവൃന്ദത്തിന്റെ നടുവിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്.

Pinarayi Vijayan
പിണറായി വിജയൻ. ചിത്രം: മനോരമ

ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ സിപിഎമ്മിനുള്ളിലെ കളികൾ മനസ്സിലായി. എല്ലാം തട്ടിപ്പാണെന്നും വ്യക്തമായി. പ്രത്യയശാസ്ത്രത്തിന്റെ പേരു പറഞ്ഞ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ വഞ്ചിച്ച് സുഖമായി ജീവിക്കുന്നു. ഒരു വിഭാഗത്തെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച്, അവരെ മണ്ടൻമാരാക്കി മറു വിഭാഗം പറ്റിക്കുന്നു. ഈ തട്ടിപ്പും വഞ്ചനയും തിരിച്ചറിഞ്ഞതോടെയാണ് ഞാൻ സംഘടന വിട്ടത്. തുടർന്ന് സമാന ചിന്താഗതിക്കാരുമായി ചേർന്ന് എച്ച്ആർഡിഎസ് രൂപീകരിച്ചു. 1995ലായിരുന്നു അത്.

എന്റെ സഹോദരൻ ബിജു കൃഷ്ണൻ ഇടുക്കി ജില്ലയിൽ എസ്എഫ്ഐയുടെ മൂലമറ്റം ഏരി‍യ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായി. സിപിഎം മുട്ടം ലോക്കൽ കമ്മിറ്റി അംഗം, സിപിഎം തോട്ടുങ്കര ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.ആർ.ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിനെ തുടർന്ന് 1994ൽ പാർട്ടി വിട്ട ബിജു കൃഷ്ണൻ ജെഎസ്എസിൽ ചേർന്നു.

English Summary: HRDS has no links to RSS and BJP: Interview with Aji Krishnan, Secretary of HRDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS