ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവൻമാരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നടപടി. മരണ കാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്നും മന്ത്രി വെളിപ്പെടുത്തി. പുറത്തുനിന്നെത്തിയവർ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടുകയായിരുന്നു. ഓപ്പറേഷൻ തിയറ്റർ എവിടെയെന്ന് ഇവർക്ക് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്നു പരാതി ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് രണ്ടു ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

‘‘എറണാകുളം രാജഗിരി ആശുപത്രിയില്‍ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്ടര്‍മാര്‍ അതിരാവിലെ അവിടേക്കു പുറപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30നു എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുകയും ചെയ്തു. എന്നാല്‍, ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനിടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്കു പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായി ആശുപത്രി പരാതി ഉന്നയിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തും’ – മന്ത്രി പറഞ്ഞു.

‘‘ഞായറാഴ്ച 2.30ഓടെയാണ് മെഡിക്കല്‍ കോളജിലെ ഒരു രോഗിക്ക് ഈ വൃക്ക യോജിക്കുന്നതാണെന്ന് അറിഞ്ഞത്. 4 മണിയോടെ രോഗിയെ ഡയാലിസിസിനു വിധേയമാക്കി. നാല് മണിക്കൂറോളം ഡയാലിസിസിനു വേണ്ടിവന്നു. അതിനുശേഷം രോഗിയെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി രാത്രി 8.30നു ശസ്ത്രക്രിയ നടത്തി. 8 മണിക്കൂറോളം ശസ്ത്രക്രിയയ്‌ക്കെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാൽ മാത്രമേ മരണ കാരണം അറിയാനാകൂ.’

‘‘സാധാരണക്കാരനു സഹായകമാകും വിധം അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടെണ്ണം വിജയിപ്പിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഇതിനായി സജ്ജമാക്കി വരുന്നു. ഇനി ഇതുപോലെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.’ – മന്ത്രി വ്യക്തമാക്കി.

അതേസമയം, വൈകിട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തിയെങ്കിലും വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. തുടർന്ന് അവിടെയുണ്ടായിരുന്ന ആംബുലൻസ് ജീവനക്കാര്‍ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനിൽ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിർദേശിക്കാനും ആരുമുണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം.

English Summary: Organ recipient death: Two Doctors suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com