ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ബാലാ സാഹേബ് തോറട്ട്, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. അതിനിടെ ശിവസേന നേതാക്കൾ സൂറത്തിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം ഏക്നാഥ് ഷിൻഡെയ്ക്കു കൈമാറി. രണ്ടു മണിക്കൂറോളം ഇവർ ഷിൻഡെയുമായി സംസാരിച്ചെന്നാണ് വിവരം.

ഉദ്ധവ് താക്കറെ ഷിൻഡെയുമായി പത്തു മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിൻഡെയോട് ആവശ്യപ്പെട്ടതായി സൂചന. അതേസമയം ഷിൻഡെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു.

മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി 22 എംഎൽഎമാരുമായി മന്ത്രി ഏക്നാഥ് ഷിൻഡെ സൂറത്തിലെ ഹോട്ടലിൽ കഴിയുകയാണ്. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്നാഥ് ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഉപമുഖ്യമന്ത്രി പദം നൽകി അനുനയിപ്പിക്കാൻ ശിവസേന നീക്കം തുടങ്ങി. തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തും.

ഇന്നലെ നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിതമായി ഒരു സീറ്റ് അധികം ലഭിച്ചതിനു പിന്നാലെയാണ് വിമത നീക്കങ്ങള്‍ക്ക് തുടക്കമായത്. കൂറുമാറി ബിജെപിക്ക് വോട്ടുചെയ്ത എംഎല്‍എമാരുമായി ഏക്നാഥ് ഷിന്‍ഡെ ഇന്നലെ രാത്രി സംസ്ഥാനം വിട്ടു. ഇന്നു രാവിലെയോടെ എംഎല്‍എമാരുമായി മന്ത്രി സൂറത്തിലെ ഹോട്ടലില്‍ ബിജെപി കാവലോടെ കഴിയുന്നതായുള്ള വിവരം പുറത്തുവന്നു. തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് 22 എംഎല്‍എമാരുടെ പേരുകള്‍ ഷിന്‍ഡെ പുറത്തുവിട്ടു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തെ പിന്തുണക്കണമെന്നാണ് ഏക്നാഥ് ഷിൻഡെ ആവശ്യപ്പെടുന്നത്. എന്നാൽ താൻ ശിവസൈനികനായി തുടരുമെന്നും അധികാരത്തിനായി വഞ്ചന നടത്തിയിട്ടില്ലെന്നും ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു.

English Summary :Sena Leaders Meet Rebel Eknath Shinde In Surat For 2 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com