ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിൻഹയെ പരിഗണിച്ചത്. വാജ്പേയി സർക്കാരിൽ ധനം, വിദേശകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

നരേന്ദ്ര മോദി സർക്കാർ കൂടുതൽ നാശമുണ്ടാക്കുന്നത് തടയാൻ പൊതു സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഇന്ന് പാർലമെന്ററി ബോർഡ് യോഗം ചേരുന്നുണ്ട്. രാഷ്ട്രപതി സ്ഥാനാർഥിയെ ഈ യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. 

സ്ഥാനാർഥിയായേക്കുമെന്ന് സൂചിപ്പിച്ച് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ബിജെപി നേതാവായിരുന്ന സിൻഹ 2018ലാണ് പാർട്ടി വിട്ടത്. പിന്നീട് 2021ൽ തൃണമൂലിൽ ചേർന്നു. ‘‘തൃണമൂൽ കോൺഗ്രസിൽ മമതാജി (മമത ബാനർജി) എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി പാർട്ടിയിൽനിന്ന് മാറിനിൽക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’’ – യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.

ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണു സിൻഹയുടെ പേരു പരിഗണിച്ചത്. മമത നേരത്തേതന്നെ സിൻഹയുടെ പേരു സൂചിപ്പിച്ചിരുന്നു. സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിൻമാറി. ആലോചിക്കട്ടെയെന്നു പറഞ്ഞ ഗോപാൽകൃഷ്ണ ഗാന്ധിയും വിസമ്മതിക്കുകയായിരുന്നു.

English Summary: Yashwant Sinha To Be Opposition's Presidential Election Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com