ADVERTISEMENT

കണ്ണൂർ ∙ ഫണ്ട് തിരിമറി അന്വേഷണത്തെ തുടർന്ന് പരാതിക്കാരനായ പയ്യന്നൂർ ഏരിയ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ അണികളിലുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം തുടരുന്നു. ആരോപണ വിധേയരുടെയും അവർക്ക് പിന്തുണ നൽകുന്ന ഉന്നത നേതാക്കളിൽ ചിലരുടെയും സമ്മർദ ഫലമായാണ് ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ സ്ഥാനത്തു നിന്നു മാറ്റിയതെന്ന വികാരം ശക്തമാണ്. നേതൃത്വം കാണിച്ചത് അനീതിയാണെന്ന തരത്തിലാണു പാർട്ടി പ്രവർത്തകർക്കിടയിലെ ചർച്ചകളും പ്രതികരണങ്ങളും. 

കുഞ്ഞിക്കൃഷ്ണനു വേണ്ടി രംഗത്തുള്ള അണികളെ അനുനയിപ്പിച്ച് പാർട്ടി തീരുമാനത്തിനൊപ്പം നിർത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് പുതിയ ഏരിയ സെക്രട്ടറി ടി.വി.രാജേഷിനു മുന്നിലുള്ളത്. സമീപ കാലത്തൊന്നും പാർട്ടി നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണു നിലവിലെന്നതിനാൽ ജില്ലാ നേതൃത്വവും പരിഹാരത്തിനായി പാടുപെടുന്നു. അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിക്കെതിരെ പ്രതികരിക്കുന്ന പ്രവർത്തകരെ നേരിൽ കണ്ട് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 

സിപിഎം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസായ പി.കണ്ണൻ നായർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് വെള്ളൂരിൽ നടക്കുന്നുണ്ട്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് ഉദ്ഘാടകൻ. ഈ പരിപാടിയിലേക്ക്, അച്ചടക്ക നടപടിക്കു വിധേയരായ ടി.ഐ.മധുസൂദനൻ എംഎൽഎയ്ക്കും വി.കുഞ്ഞിക്കൃഷ്ണനും ക്ഷണമുണ്ട്. കുഞ്ഞിക്കൃഷ്ണൻ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുമോ, പങ്കെടുത്താൽ തന്നെ വേദിയിൽ പ്രസംഗകരുടെ കൂട്ടത്തിൽ ഇരിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായത് കുഞ്ഞിക്കൃഷ്ണൻ ഏരിയ സെക്രട്ടറിയായിരുന്നപ്പോഴാണ്. അദ്ദേഹത്തിന്റെ വീടിനടുത്താണ് ഈ പാർട്ടി ഓഫിസ്. ദേശീയപാത വികസനത്തിനായി ഓഫിസ് കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നതിനാലാണ് രാമൻകുളം റേഷൻകടയ്ക്കു സമീപം സ്ഥലം വാങ്ങി പുതിയ ഓഫിസ് പണിതത്. 

ഇപ്പോഴത്തെ പ്രതിഷേധത്തിന്റെ പേരിൽ ഓഫിസ്‍ ഉദ്ഘാടനത്തിന് ആളുകൾ കുറയാതിരിക്കാനുള്ള കരുതലാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. വി.കുഞ്ഞിക്കൃഷ്ണനെ പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജില്ലാ നേതൃത്വം ഇതിനായി കുഞ്ഞിക്കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്നു പാർട്ടി നീക്കം ചെയ്തെങ്കിലും കുഞ്ഞിക്കൃഷ്ണൻ സാങ്കേതികമായി ഏരിയ കമ്മിറ്റി അംഗമാണ്. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിന്റെ പ്രതിഷേധ സൂചകമായാണ് അദ്ദേഹം പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. പാർട്ടി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ കുഞ്ഞിക്കൃഷ്ണൻ പങ്കെടുത്തില്ലെങ്കിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ പരിപാടിക്ക് എത്താതിരിക്കുമോയെന്ന ആശങ്കയാണു നേതൃത്വത്തിന്. 

പരിപാടിയിൽ പങ്കെടുക്കുമെന്നു കുഞ്ഞിക്കൃഷ്ണൻ പറയുന്നുണ്ടെങ്കിലും അത് പ്രസംഗകരിൽ ഒരാളായിട്ടായിരിക്കുമോ കാണികളിൽ ഒരാളായിട്ടായിരിക്കുമോ എന്നതിൽ വ്യക്തതയില്ല. പരിപാടിയിൽ പതാക ഉയർത്തുന്നത് ടി.ഐ.മധുസൂദനൻ എംഎൽഎയാണ്. 

Content Highlights: Payyanur Party Fund Fraud, V Kunhikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com