ADVERTISEMENT

തിരുവനന്തപുരം∙ കീം പരീക്ഷയിൽ ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളജിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടിസി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.  സ്പോട്ട് അഡ്മിഷനിൽ പുതിയ കോളജിൽ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാർഥികൾ ആദ്യം പ്രവേശനം നേടിയ കോളജിൽ ടിസിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളജുകൾക്കാണ് ഈ ഉത്തരവ് ബാധകം. 

പ്രവേശന നടപടികൾ  അവസാനിച്ച ശേഷം ടിസി വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. തിരുവനന്തപുരം എൽബിഎസ് കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35,000 രൂപ മടക്കി നൽകില്ലെന്ന എൽബിഎസ് കോളജിന്റെ നിലപാട് ചോദ്യം ചെയ്തു സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

പ്രസ്തുത ഉത്തരവാണ് സർക്കാർ നടപ്പിലാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പ്രവേശനം നടത്താൻ കഴിയാത്തതുകൊണ്ടാണ് കോളജുകൾ ട്യൂഷൻ ഫീസ് മടക്കി നൽകാത്തത്. കമലേശ്വരം സ്വദേശിനി ബി.കെ.റഹ്നയാണ് കമ്മിഷനെ സമീപിച്ചത്.

English Summary: Kerala Engineering admission fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com