പകവീട്ടാന്‍ പതിയിരുന്നു കളിച്ച് ഫഡ്‌നാവിസ്; കടുവകളെ മടയില്‍ കയറി വേട്ടയാടി ബിജെപി

fadnavis-uddhav
ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ
SHARE

മുംബൈ∙ കടുവകളെ മടയിൽ കയറി വേട്ടയാടിയതിന്റെ സംതൃപ്തിയിലാണ് മഹാരാഷട്ര ബിജെപി. മൂന്നു പതിറ്റാണ്ടോളം കൂടെ നടന്ന ശിവസേന 2019ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ഉടക്കിപ്പിരിഞ്ഞത് ബിജെപിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. ശിവസേന പോയാലും ഭരണം പോകില്ലെന്ന ഉറപ്പിലും ആത്മവിശ്വാസത്തിലുമായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ള നേതാക്കൾ. പാറപോലെ ഉറച്ച ശിവസേനയിൽനിന്നും നേതാക്കളെ അടർത്തുന്നതിനേക്കാൾ എളുപ്പത്തിൽ എൻസിപിയിൽ നിന്ന് നേതാക്കൻമാരെ ചാടിക്കാമെന്നും ഭരണം പിടിക്കാമെന്നും ബിജെപി വിശ്വസിച്ചു. ആ ആത്മവിശ്വാസത്തിൽ കേന്ദ്രത്തിന്റെ പിന്തുണയോടെ അധികാരത്തിലേറി. പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതി മഹാരാഷ്ട്രയിൽ നടപ്പായില്ല. ഫഡ്നാവിസിന് കസേര വിട്ടൊഴിയേണ്ടി വന്നു. 

എൻസിപിയുടെയും കോൺഗ്രസിന്റെയും സഹായത്തോടെ കടുവകൾ അധികാരത്തിലേറി. മഹാരാഷ്ട്രയിലെ തിരിച്ചടി ബിജെപിക്ക് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള ഏജൻസികൾ കഴുകൻമാരെപ്പോലെ വട്ടമിട്ടു പറന്നു. എന്നിട്ടും മാസങ്ങൾ പോലും തികയ്ക്കില്ലെന്ന് പ്രവചിക്കപ്പെട്ട സർക്കാർ മൂന്നു വർഷം കടന്നു. ബിജെപിയുടെ അത്രയും നാളത്തെ കാത്തിരിപ്പും പ്രവർത്തനവും കേവലം എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്നതിൽനിന്നു മാറി ശിവസേന എന്ന പാർട്ടിയെത്തന്നെ കാൽക്കീഴിലാക്കുന്നതിലേക്ക് മാറി. ഏക്നാഥ് ഷിൻഡെയെ ഒപ്പം നിർത്തി ബിജെപി അക്ഷരാർഥത്തിൽ ശിവസേന പിടിച്ചെടുത്തു. അടർക്കളത്തിൽ ആയുധങ്ങളൊഴിഞ്ഞ് ഉദ്ധവ് താക്കറെയും സജ്ഞയ് റാവുത്തും മാത്രമായി. നേരം വെളുക്കും മുൻപേ ഉദ്ധവ് മുഖ്യമന്ത്രയുടെ വസതി ഒഴിഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനം മാത്രം ഉദ്ധവിനൊപ്പവും പാർട്ടി ഏക്നാഥിനൊപ്പവും എന്ന അവസ്ഥ സംജാതമായി. ഉദ്ധവിന് ഈ അവസ്ഥയിലേക്കെത്തിച്ചത് ബിജെപിക്കേറ്റ മുറിവിന്റെ ആഴം തന്നെയാണ്. 

2019 ൽ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്പോൾ മണിക്കൂറുകൾ മാത്രമേ ആ കസേരയിൽ ഇരിക്കാൻ സാധിക്കൂ എന്ന് ദേവേന്ദ്ര ഫഡ്നാവിസ് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. ശിവസേനയുമായി ഉടക്കിയെങ്കിലും എൻസിപിയിൽനിന്ന് എംഎൽഎമാരെ ചാടിച്ച് ഫഡ്നാവിസ് അധികാരം പിടിച്ചു. ഗവർണറും പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കം ആ പാതിരാ നാടകങ്ങൾക്ക് കൂട്ടുനിന്നു. പക്ഷേ, വിരുദ്ധ നിലപാടുകൾ പുലർത്തുന്ന കോൺഗ്രസും ശിവസേനയും ഒരുമിക്കുമെന്ന് ഫഡ്നാവിസും ബിജെപിയും ഒരിക്കലും കരുതിയില്ല. കോൺഗ്രസും ശിവസേനയും ഒരുമിച്ച് മഹാവികാസ് അഘാഡി (എംവിഎ) രൂപീകരിച്ചതോടെ തകർന്നടിഞ്ഞത് അമിത് ഷാ അടക്കമുള്ള ചാണക്യൻമാരുടെ രാഷ്ട്രീയ തന്ത്രങ്ങളാണ്.

Devendra-Fadnavis-Ajit-Pawar-1200
ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ

മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ ഫഡ്നാവിസും ബിജെപിയും ഉലഞ്ഞെങ്കിലും എംവിഎ സർക്കാർ മാസങ്ങൾ പോലും തികയ്ക്കില്ലെന്ന ആശ്വാസത്തിലായിരുന്നു അവർ. എന്നാൽ മൂന്നരവർഷത്തിലധികം സർക്കാർ മുന്നോട്ടുപോയി. ഓപ്പറേഷൻ താമരയുടെ ആവശ്യമില്ലെന്നും സർക്കാർ താനേ നിലംപതിക്കുമെന്നും ബിജെപി പറഞ്ഞുകൊണ്ടിരുന്നപ്പോഴും എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനും ഭരണം അസ്ഥിരപ്പെടുത്താനും അവർ എല്ലാ വഴിയും തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പല മന്ത്രിമാരുടേയും എംഎൽഎമാരുടേയും വീടുകളിൽ അപ്രതീക്ഷിതമായി പരിശോധനയ്ക്കെത്തി. ആയിരക്കണക്കിനു കോടി രൂപ കണ്ടുകെട്ടി. എന്നിട്ടും എംവിഎ സർക്കാർ മൂന്നു വർഷം തികച്ചു. ഒടുവിൽ ഏക്നാഥ് ഷിൻഡെയുൾപ്പെടെ മുപ്പതോളം എംഎൽഎമാരെ ബിജെപി തങ്ങളുടെ പാളയത്തിലേക്കു ചാടിച്ചു. ശിവസേന പോലെ കേഡർ സ്വഭാവമുള്ള പാർട്ടിയിൽനിന്ന് ഇത്രയധികം എംഎൽഎമാരെ അടർത്തിക്കൊണ്ടുപോകാൻ ദേവേന്ദ്ര ഫഡ്നാവിസ് ചെറിയ കളിയൊന്നുമല്ല കളിച്ചിരിക്കുക. ശിവസേനയോടുള്ള പ്രതികാരവും മുഖ്യമന്ത്രിക്കസേര കൈവിട്ടുപോയതിന്റെ നഷ്ടബോധവും ഫഡ്നാവിസിന്റെ നെഞ്ചിൽ കനലായി ഉണ്ടായിരുന്നിരിക്കണം.

BJP-Shiv-sena

പയറ്റിത്തെളിഞ്ഞ പദ്ധതി മഹാരാഷ്ട്രയിൽ പാളി

‌2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ബിജെപിയുമായുള്ള തർക്കമാണ് ശിവസേന സഖ്യം വിടാൻ കാരണമായത്. ഇതോടെ ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയായി. എൻസിപി നേതാവും ശരദ് പവാറിന്റെ സഹോദരീ പുത്രനുമായ അജിത് പവാറിനെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്‍ഞ ചെയ്തു.

ഫഡ്നാവിസിനു കീഴിൽ 3 ദിവസം അജിത് പവാർ ഉപമുഖ്യമന്ത്രിയായെങ്കിലും എൻസിപി അംഗങ്ങൾ ഒപ്പം നിൽക്കാത്തതിനാൽ സർക്കാർ വീണു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായത്ര എംഎൽഎമാർ അജിത് പവാറിനൊപ്പമുണ്ടോ എന്ന് പരിശോധിക്കാതെ ഗവർണർ റിപ്പോർട്ട് അയച്ച രീതി, പാതിരാനാടകങ്ങൾ തുടങ്ങിയവ ഭരണം പോയതോടെ ബിജെപിക്ക് നാണക്കേടുണ്ടാക്കി. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ മന്ത്രിസഭാ യോഗം ചേരേണ്ടതില്ലെന്നു തീരുമാനിച്ച പ്രധാനമന്ത്രി തന്റെ വിശേഷാധികാരം ഉപയോഗിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള ഉത്തരവിൽ രാഷ്ട്രപതിയും ഒപ്പിട്ടു. ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതും രഹസ്യമായിട്ടാണ്. ദൂരദർശനുപോലും രാജ് ഭവനിലേക്കു ക്ഷണമുണ്ടായില്ല. എന്നിട്ടും ബിജെപി ഗോവയിലും മധ്യപ്രദേശിലുമെല്ലാം പയറ്റി വിജയിച്ച പദ്ധതി മഹാരാഷ്ട്രയിൽ പാളി. 

ശിവസേനയ്ക്ക് വെറുക്കപ്പെട്ട ബിജെപി

ബിജെപിയുമായി സഖ്യം ചേർന്നതിലൂടെ ശിവസേന 25 വർഷം പാഴാക്കിയെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പറഞ്ഞത്. ‘‘ഒപ്പം കൂട്ടുന്നവരെ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്നതാണു ബിജെപിയുടെ നയം. ശിവസേന അടിമയെപ്പോലെ കഴിയണമെന്നതാണ് അവരുടെ നിലപാട്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ല. ബിജെപിയുമായുള്ള ബന്ധമാണ് വേണ്ടെന്നുവച്ചത്. അധികാരം കിട്ടാനുള്ള കുറുക്കുവഴിയാണ് അവർക്ക് ഹിന്ദുത്വം. സൗകര്യം അനുസരിച്ച് നിർവചനങ്ങൾ നൽകുകയാണ്. എന്നാൽ, ശിവസേനയ്ക്ക് അധികാരം പിടിക്കാനുള്ള ആയുധമല്ല അത്–’’ ഉദ്ധവ് പറഞ്ഞു. 

അർഹമായ പരിഗണന ശിവസേനയ്ക്ക് ബിജെപി നൽകുന്നില്ലെന്ന പരാതി നേരത്തേയുണ്ടായിരുന്നു. കേന്ദ്രത്തിൽ ബിജെപി, മഹാരാഷ്ട്രയിൽ ശിവസേന എന്ന രീതിയിലായിരുന്നു പ്രവർത്തനം. എന്നാൽ ശിവസേനയെ ഇല്ലാതാക്കി ബിജെപി മഹാരാഷ്ട്രയിൽ കളം പിടിക്കാൻ നീക്കം നടത്തുകയായിരുന്നു. സംസ്ഥാന പാർട്ടികളെ ചേർത്തു നിർത്തി പിന്നീട് ആ പാർട്ടികളെ ഹൈജാക്ക് ചെയ്ത് വളരുന്ന രീതിയാണ് മഹാരാഷ്ട്രയിലും ബിജെപി അവലംബിച്ചത്. ഇത് ശിവസേനയ്ക്ക് അംഗീകരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഒരുകാലത്തും അടുക്കില്ലെന്നു കരുതിയ കോൺഗ്രസുമായി ശിവസേന കൈകോർത്തത്. മഹാ വികാസ് അഘാഡി രൂപീകരിച്ചതോടെ ബിജെപിയിൽനിന്നു ശിവസേന കൂടുതൽ അകന്നുപോകുകയായിരുന്നു. 

shiv-sena-uddhav-thackeray
ഉദ്ധവ് താക്കറെ

ഭരണം അസ്ഥിരപ്പെടുത്താൻ വട്ടമിട്ട് ഇഡി

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ മഹാരാഷ്ട്രാ സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനം തന്നെ നടത്തി. പഞ്ചസാര ഫാക്ടറിയും മകന്റെ ആഡംബര ഓഫിസും ഉൾപ്പെടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ കുടുംബവുമായി ബന്ധമുള്ളവരുടെ 1400 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടി. കൂടാതെ നിരവധി എംഎൽഎമാരെയും മന്ത്രിമാരെയും രാപകലില്ലാതെ വേട്ടയാടി. ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. 

ഉദ്ധവ് താക്കറെ ഉൾപ്പെടെ എംവിഎ നേതാക്കൾ ഇഡിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ‘‘തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ പുണെയിലെ ബിജെപി പരിപാടിക്കിടെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി തങ്ങൾ സ്വീകരിക്കുകയാണ്.’’ ബിജെപിയും ഒറ്റയ്ക്കു മത്സരിക്കണമെന്നും ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഒപ്പം കൂട്ടരുതെന്നും ഉദ്ധവ് പരിഹസിച്ചു.

അധികാരം പിടിക്കുക എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും തങ്ങൾക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപി അന്വേഷണ ഏജൻസികളെയാണ് ഉപയോഗിക്കുന്നതെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗിക്കുന്നു എന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചത്. പല സംസ്ഥാനങ്ങളിലും വഴങ്ങാത്ത എംഎൽഎമാരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മറുകണ്ടം ചാടിച്ച വിദ്യ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ അധികാരത്തിൽ കയറിയതുമുതൽ ബിജെപി പ്രയോഗിക്കുന്നുണ്ട്. 

Sharad-Pawar
ശരദ് പവാർ

ശരദ് പവാർ കിങ് മേക്കർ

വിരുദ്ധ ചേരിയിലായിരുന്ന കോൺഗ്രസിനെയും ശിവസേനയേയും ഒന്നിപ്പിച്ചതിനു പിന്നിൽ ശരദ് പവാർ എന്ന രാഷ്ട്രീയാചാര്യന്റെ ബുദ്ധിയായിരുന്നു. ഒരുവേള അജിത് പവാർ ബിജെപിക്കൊപ്പം പോയത് ഏറെ വിഷമിപ്പിച്ചെങ്കിലും എംഎൽഎമാരെ കൂടെ നിർത്തുന്നതിൽ ശരദ് പവാർ വിജയിച്ചു. ഇതോടെ പത്തി മടക്കി അജിത് പവാറിന് ബിജെപി പാളയം വിടേണ്ടി വന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെങ്കിലും ഭരിക്കുന്നത് ശരദ് പവാർ ആണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. കാരണം നിർണായക തീരുമാനങ്ങളെല്ലാം ശരദ് പവാറിനോട് ചർച്ച ചെയ്തശേഷം മാത്രമായിരുന്നു എടുത്തിരുന്നത്.  

ശരദ് പവാറിനുള്ള പിറന്നാൾ സമ്മാനമായി ഗ്രാമ വികസന പദ്ധതി ആവിഷ്കരിച്ച് മന്ത്രിസഭായോഗം അംഗീകാരം നൽകി. ശരദ് പവാർ ഗ്രാം സമൃദ്ധി യോജന എന്ന പദ്ധതിയുടെ കീഴിൽ 10,000 കോടി രൂപയാണ് 3 വർഷം കൊണ്ട് ചെലവഴിക്കുക. ഇങ്ങനെ പല രീതിയിലും ഉദ്ധവ് താക്കറെ ശരദ് പവാറിനോട് ഗാഢമായ ബന്ധം പുലർത്തി. എന്നാൽ ശിവസേനയിലെ തന്നെ ഒരു വിഭാഗത്തിന് ഈ രീതിയോട് യോജിപ്പില്ലായിരുന്നു. ശരദ് പവാറിനെയും കോൺഗ്രസിനെയും ശിവസേന അമിതമായി ആശ്രയിക്കുന്നതിനെതിരെ പടലപിണക്കങ്ങൾ ഉടലെടുത്തിരുന്നു. ഹിന്ദുത്വവാദം മുറുകെ പിടിക്കണമെന്നും ബിജെപിയിലേക്ക് തിരിച്ചുപോകണമെന്നും താൽപര്യപ്പെടുന്ന ഒരുകൂട്ടം നേതാക്കൾ ശിവസേനയിലുണ്ടായിരുന്നു. ആ നേതാക്കളുടെ സംഘമാണ് എംവിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് സൂചന. 

Eknath-Shinde
ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്ര ഭരണം ബിജെപിയുടെ പ്രമുഖ പരിഗണന

സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ അധികാരം ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പല പദ്ധതികളും ബിജെപിക്ക് വിജയിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ബിജെപിയോട് അടുത്തു നിൽക്കുന്ന പല വ്യവസായികള്‍ക്കും വ്യാപാരം സുഗമമാക്കുന്നതിന് മുംബൈ നിർണായക ഘടകമാണ്. 12 കോടിയോളം ജനസംഖ്യയുള്ള വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അവിടെ അധികാരത്തിന് പുറത്തുനിൽക്കുക എന്നത് ബിജെപിയെ രാഷ്ട്രീയമായും പ്രതികൂലമായി ബാധിക്കും. സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നു പോലും പല ഘട്ടത്തിലും അഭ്യൂഹമുയർന്നു. 

മിഷൻ മഹാരാഷ്ട്രയിലൂടെ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത് കഴിഞ്ഞ മാർച്ചിലാണ്. കേന്ദ്ര ബിജെപിയുടെ പരിഗണനയിൽ പ്രമുഖ സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ മറിച്ചിടാനുള്ള നീക്കം തകൃതിയായി നടക്കുമ്പോളും 20‌24ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും ബിജെപി ആരംഭിച്ചുകഴിഞ്ഞിരുന്നു.   

English Summary: Maharashtra political crisis 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA