ഉദ്ധവിന് കനത്ത തിരിച്ചടി, 42 എംഎല്‍എമാര്‍ വിമത ക്യാംപില്‍; വിഡിയോയുമായി ഷിന്‍ഡെ

eknath-shinde-mlas-1
വിമത എംഎൽഎമാർ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

മുംബൈ∙ ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാരിനെതിരെ ഉയർന്ന വിമത നീക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു വിളിച്ച ശിവസേനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നത് മകൻ ആദിത്യ താക്കറെ അടക്കം 13 പേർ മാത്രം. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം തുടരുകയാണ്. 

അതിനിടെ, 35 ശിവസേന എംഎൽഎമാരും 7 സ്വതന്ത്ര എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടു. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ ചേരാൻ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു. സാവന്ത്‌വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽഎമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിലെത്തി. ആകെ 42 എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പമുള്ളത്.

പാർട്ടി പിടിക്കാൻ ഇനി വിമത പക്ഷത്ത് ഒരു എംഎൽഎയുടെ കുറവുമാത്രമാണുള്ളത്. തന്റെ ഒപ്പമുള്ളവരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് 2ന് പുറത്തുവിടുമെന്ന് ഷിൻഡെ പറഞ്ഞു. പാർട്ടി ചിഹ്നത്തിനായി ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം നാളെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ഗവർണർ നാളെ രാജ്ഭവനിലെത്തുമെന്നാണ് വിവരം.

എന്‍സിപി മേധാവി ശരദ് പവാറിന്റെ അധ്യക്ഷതയിൽ എൻസിപി നേതാക്കളും യോഗം ചേർന്നു. സർക്കാർ വീഴാനുള്ള സാഹചര്യം എൻസിപി നേതാക്കളോട് വിശദീകരിച്ച ശരദ് പവാർ, രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങിയിരിക്കാനും നിർദേശം നൽകി. അതിനിടെ, വിമത ക്യാംപിലെ 20 എംഎൽഎമാർ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്നും റാവുത്ത് അറിയിച്ചു.

അതിനിടെ, വിമത ശിവസേന എംഎൽഎമാരുടെ വീടുകളുടെ സുരക്ഷ കൂട്ടി. ശിവസേന പ്രവർത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. മുംബൈയിൽ കൂടുതൽ സിആർപിഎഫ് സേനയെ വിന്യസിക്കും. അതേസമയം, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ച് 34 വിമത ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തയച്ചു.

eknath-shinde-shiv-sena-mlas-1
വിമത ശിവസേന എംഎൽഎമാർ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം.

സഖ്യം നിലനിർത്താൻ വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ധവ് താക്കറെയോട് നിർദേശിച്ചിരുന്നു. എന്നാൽ, ഷിന്‍ഡെ മുഖ്യമന്ത്രിപദം നിരസിച്ചെന്നാണ് സൂചന. ബിജെപി സഖ്യം പുനഃസ്ഥാപിക്കുകയാണു ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിൻഡെ.

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ കഴിഞ്ഞ രണ്ടര വർഷത്തെ ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് സാധാരണ ശിവസേന പ്രവർത്തകരാണെന്നും സഖ്യകക്ഷികൾക്ക് മാത്രമാണ് ഗുണം ചെയ്തതെന്നും ഏക്നാഥ് ഷിൻഡെ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യത്തിനനുസരിച്ച് തീരുമാനമെടുക്കേണ്ടത് പ്രധാനമാണെന്നും ട്വീറ്റിൽ പറയുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ പാർട്ടി അവകാശവാദം ഉന്നയിക്കുന്നില്ലെന്നുമാണ് ബിജെപിയുടെ അവകാശവാദം. ഏക്നാഥ് ഷിൻഡെയുമായി സംസാരിച്ചിട്ടില്ലെന്നും ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടീൽ ഇന്നലെ ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

maharashtra-political-crisis-uddhav-thackeray-1
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ശിവസേനാ നേതാക്കൾ (വിഡിയോ ദൃശ്യം, എഎൻഐ, ട്വിറ്റർ), ഉദ്ധവ് താക്കറെ (ഫയൽ ചിത്രം)

ഉദ്ധവ് താക്കറെ ഇന്നലെ ഒദ്യോഗിക വസതിയായ ‘വർഷ’ ഒഴിഞ്ഞ് സ്വന്തം വീടായ ‘മാതോശ്രീ’യിലെത്തി. മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉൾപ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പുഷ്പവൃഷ്ടി നടത്തി. കോവിഡ് ബാധിതനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

English Summary: Maharashtra Political Crisis Latest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA