ADVERTISEMENT

കോഴിക്കോട് ∙ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർഥികളുടെ പരീക്ഷയ്ക്കായി രോഗികളെ 10 മണിക്കൂർ വരാന്തയിലേക്കു മാറ്റി. യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് 10–ാം വാർഡിലെ ഇരുപത്തഞ്ചോളം രോഗികളെ മാറ്റിയത്. രോഗികളോടൊപ്പം ഒരു കുട്ടിരിപ്പുകാരൻ മാത്രമാണുള്ളത്. വാർഡിൽ ആകെയുള്ളത് രണ്ടു ട്രോളികളും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ വരെ ഇവിടെ കിടക്കുന്നുണ്ട്. ഇങ്ങനെ പ്രത്യേക പരിചരണം വേണ്ട രോഗികളെ ഉൾപ്പെടെയാണ് മാറ്റിയത്.

ചില രോഗികളെ കട്ടിൽ സഹിതം പിടിച്ചു വരാന്തയിലേക്കു കൊണ്ടുപോകുകയാണുണ്ടായത്. കൂട്ടിരിപ്പുകാർ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. ജീവനക്കാരുടെ സഹായം പോലും ലഭിച്ചില്ലെന്നും കൂട്ടിരിപ്പുകാർ പറഞ്ഞു. രോഗികളെ രാവിലെ 8ന് മുൻപു മാറ്റണമെന്ന് ഒന്നര മണിക്കൂർ മുൻപാണ് വാർഡിലെ സ്റ്റാഫ് നഴ്സ് കൂട്ടിരിപ്പുകാരോട് പറഞ്ഞത്. വ്യാഴാഴ്ച പരീക്ഷ നടക്കുന്നതിനാൽ രോഗികളെ രാവിലെ വാർഡിൽ നിന്നും മാറ്റണമെന്ന കാര്യം രാത്രി പത്തിനാണ് തന്നെ അറിയിച്ചതെന്നാണ് സ്റ്റാഫ് നഴ്സ് രോഗികളുടെ കൂട്ടിരിപ്പുകാരോടു പറഞ്ഞത്.

പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചോടെ രോഗികളെ വാർഡിലേക്കു തിരികെ മാറ്റി. ഈ സമയം ജീവനക്കാരും സഹായത്തിനെത്തി. വരാന്തയിൽ ഫാൻ പോലും ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയതായി പല രോഗികളും പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പിജി വിദ്യാർഥികളുടെ രണ്ട് പരീക്ഷകൾ ഒരുമിച്ചു വന്നതിനാലാണ് വാർഡിലെ രോഗികളെ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.

English Summary: Patients shifted to veranda for PG students exam at Kozhikode medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com