ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർ‍ഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനു സമ്മതമാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിനു വിരുദ്ധമായ നിലപാടാണ് ഇന്നു സ്വീകരിച്ചത്. കേന്ദ്ര ഫൊറൻസിക് ലാബിൽ കാർഡ് പരിശോധിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് പറ്റില്ലെന്നും അതു സംസ്ഥാനത്തെ ലാബുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് മുൻപ് സർക്കാർ നിലപാടെടുത്തത്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനായിരുന്നു കോടതിയുടെ നിർദേശം.

മെമ്മറി കാർഡിലെ ഫയലുകൾ പരിശോധിക്കുന്നത് കാർഡിന്റെ ഹാഷ് വാല്യു മാറുന്നതിന് ഇടയാക്കുമെന്നു സംസ്ഥാന ഫൊറൻസിക് ലാബിലെ അസിസ്റ്റന്റ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. കാർഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനെ എന്തുകൊണ്ടാണ് നേരത്തെ എതിർത്തത് എന്ന് കോടതി ആരാഞ്ഞു. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം, അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള ക്രൈംബ്രാഞ്ചിന്റെ പുതിയ അടവാണ് ഇതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചാൽ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പരിശോധനയ്ക്ക് ഒരു സമയപരിധി നിശ്ചയിക്കാം എന്നായിരുന്നു കോടതിയുടെ മറുപടി. കേസിലുള്ള വാദം അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

English Summary‌: Actress Attack Case: Prosecution agreed to examine memory card at Central Forensic Lab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com