ADVERTISEMENT

പട്‌ന∙ ബിഹാറിലെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ ദേശീയപാത 227ന്റെ വിഡിയോ ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും. ബിഹാറിലെ മധുബനി മേഖലയില്‍ തകര്‍ന്നടിഞ്ഞ റോഡിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇരുവരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെറുകുളങ്ങളോടു സാമ്യമുള്ള വെള്ളം നിറഞ്ഞ നിരവധി കുഴികളിലൂടെ ഒരു ട്രക്ക് പോകുന്നതാണു വിഡിയോയിലുള്ളത്. തകര്‍ന്ന ദേശീയപാതയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ദേശീയ ദിനപത്രങ്ങള്‍ ഇതു വാര്‍ത്തയാക്കിയിരുന്നു. 100 അടി വിസ്തൃതിയും 3 അടി ആഴവുമുള്ളതാണ് കുഴികളെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്ത് കഴിയുമ്പോള്‍ റോഡില്‍ രണ്ടടിയോളം വെള്ളം ഉയരും. ഏതാണ് അഞ്ഞൂറോളം കടകളും 15,000 കുടുംബങ്ങളും ഉള്ള മേഖലയാണിത്.

'90കളിലെ ജംഗിള്‍രാജ് കാലഘട്ടത്തിലെ ബിഹാര്‍ റോഡുകളെ ഓര്‍മിപ്പിക്കുന്ന വിഡിയോയാണിത്. ദേശീയപാത 227ന്റെ ആണിത്. ബിഹാറിലെ റോഡുകള്‍ മികച്ച നിലയിലാണെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു യോഗത്തില്‍ പറഞ്ഞത്.' - പ്രശാന്ത് കിഷോറിന്റെ ട്വീറ്റില്‍ പറയുന്നു. 2015 മുതല്‍ ഈ ദേശീയപാത ഇതേ അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്. മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായില്ല.

'ബിഹാറിലെ 40 ലോക്‌സഭാ സീറ്റില്‍ 39 എണ്ണം വിജയിച്ച ബിജെപി സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തില്‍ വിസ്മയകരമായ റോഡാണ് നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബിഹാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു കാണാനാണിത്. പുതിയ ഇന്ത്യയുടെ റോഡുകളുടെ ഗുണനിലവാരവും രൂപകല്‍പനയും കണ്ട് അവര്‍ 'ആഹാ' എന്നു പറയും. ഇരട്ട എന്‍ജിന്‍ ജംഗിള്‍ രാജ്' - തേജസ്വിയുടെ ട്വീറ്റില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റോഡ് നിര്‍മാണ മന്ത്രി നിതിന്‍ നവീന്‍ അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷത്തില്‍ ബിഹാറിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്. 2024 ഡിസംബര്‍ ആകുമ്പോഴേക്കും ബിഹാറിലെ റോഡുകള്‍ യുഎസ് നിലവാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 13,585 കോടി രൂപയുടെ ഹൈവേ പദ്ധതിയാണ് ബിഹാറില്‍ വരാനിരിക്കുന്നത്.

English Summary: Bihar National highway has multiple pool-size potholes - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com