കോഴിക്കോട്∙ ബിജെപി നേതാവ് ശങ്കു ടി.ദാസിന് വാഹനാപകടത്തില്‍ പരുക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി.ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാര്‍ കൗൺസില്‍ അംഗമായ ശങ്കു ടി.ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.
പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ നിര്‍മിച്ച വ്യാജരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നല്‍കിയതും ശങ്കു ടി.ദാസ് ആണ്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ശങ്കുവിനെ ഇമ്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് കോട്ടയ്ക്കല്‍ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി.
വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദിപ് വാചസ്പതി രംഗത്തെത്തി. എന്തിനും ഏതിനു ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നും ആർക്ക് അപകടം പറ്റിയാലും അതിനു പിന്നിൽ ജിഹാദ ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary : BJP leader Shanku T. Das met with accident