ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം, സ്ഥലം എംഎൽഎ വെറുംകൈ കൊണ്ടു തള്ളുമ്പോൾ നിലംപതിക്കുന്ന വിഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം എംഎൽഎ ‘തള്ളി വീഴ്ത്തിയത്’. ഉത്തർപ്രദേശ് സർക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.

പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ജിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെയും ഹോസ്റ്റലുകളുടെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയതായിരുന്നു സമാജ്‌വാദി പാർട്ടിക്കാരനായ എംഎൽഎ ഡോ. ആർ.കെ.വർമ. ഹോസ്റ്റൽ കെട്ടിടം സന്ദർശിക്കുന്ന സമയത്ത് നിർമാണം പുരോഗമിക്കുന്ന ഒരു തൂണിൽ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് അത് നിലംപൊത്തിയത്. നാലു നിലക്കെട്ടിടമാണ് ഇവിടെ പണിയുന്നതെന്ന് എംഎൽഎ പറയുന്നത് വിഡിയോയിൽ കേൾക്കാം.

ഹോസ്റ്റൽ കെട്ടിടത്തിന്റെ തൂണിൽ പിടിച്ച് എംഎൽഎ തള്ളുമ്പോൾ അത് മറിഞ്ഞുവീഴുന്ന വിഡിയോ പങ്കുവച്ച് ബിജെപി സർക്കാരിന്റെ അഴിമതിയുടെ ഉദാഹരണമാണ് ഇതെന്ന് അഖിലേഷ് യാദവ് കുറിച്ചു.

‘ബിജെപി ഭരണത്തിൽ അഴിമതി ഒരു വിസ്മയമാണ്. എൻജിനീയറിങ് കോളജ് നിർമിക്കുമ്പോൾ ഇഷ്ടികകൾ അടുക്കിയിരിക്കുന്നത് സിമന്റ് പോലും ഉപയോഗിക്കാതെയാണ്’ – അഖിലേഷ് പരിഹസിച്ചു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇതേ സ്ഥലത്തെ മറ്റൊരു കെട്ടിടത്തിന്റെ ഭാഗം പിടിച്ചു തള്ളുമ്പോൾ മറിഞ്ഞുവീഴുന്ന വിഡിയോ എംഎൽഎയും പങ്കുവച്ചിട്ടുണ്ട്. 

‘ഇതുപോലുള്ള അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ നമ്മുടെ യുവജനങ്ങളുടെ ഭാവിക്ക് സഹായകമല്ല. ഇതെല്ലാം കാണുമ്പോൾ അവരുടെ മരണത്തിനുള്ള ഒരുക്കമാണ് നടത്തുന്നതെന്നു തോന്നും. റാണിഗഞ്ജ് മണ്ഡലത്തിൽ നിർമിക്കുന്ന എൻ‌ജിനീയറിങ് കോളജുമായി ബന്ധപ്പെട്ട അഴിമതി നിറഞ്ഞ സർക്കാർ സംവിധാനത്തിന്റെ ഉദാഹരണമാണിത്’ – എംഎൽഎ ട്വിറ്ററിൽ കുറിച്ചു.

English Summary: Construction Fail - Brick Wall Crashes With MLA's Push

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com