രണ്ടു വർഷം മുൻപ്, ദേശീയ പാത വഴി മലപ്പുറം ജില്ലയിലൂടെ കടന്നു പോയാൽ ഒരു പ്രതിഷേധമോ, റാലിയോ, യോഗമോ തീർച്ചയായും കണ്ണിൽപ്പെടുമായിരുന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിനെതിരെ അത്ര രൂക്ഷമായിരുന്നു ജില്ലയിലെ പ്രതിഷേധം. ഭൂമിയേറ്റെടുക്കലിനു 2018ൽ 3എ വിജ്ഞാപനം ഇറങ്ങിതിനു പിന്നാലെ ജില്ലയിൽ പ്രതിഷേധങ്ങൾ തുടങ്ങി. വർഷങ്ങള്ക്കിപ്പുറം ജില്ലയിൽ ‘സീൻ’ വേറെയാണ്. സാക്ഷരതയിലും ഇ സാക്ഷരതയിലുമെല്ലാം സംസ്ഥാനത്തിനു വഴി കാട്ടിയ മലപ്പുറം മാതൃക ദേശീയ പാതയ്ക്കു ഭൂമിയേറ്റെടുക്കലിലും ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രക്രിയ ആദ്യമായി പൂർത്തിയാക്കിയ ജില്ലയെന്ന അപൂർവ ബഹുമതി മലപ്പുറം ജില്ലയ്ക്കാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ഥാന മന്ദിരം മുതൽ കാലിക്കറ്റ് സർവകലാശാലയുടെ പ്രധാന പ്രവേശന കവാടം വരെ ദേശീയ പാതാ വികസനത്തിനായി പൊളിച്ചു മാറ്റി. കടുത്ത എതിർപ്പിൽനിന്നു സംസ്ഥാനത്തിനു മാതൃയാകുന്ന രീതിയിലേക്കു മലപ്പുറത്തെ ദേശീയ പാതാ ഭുമിയേറ്റെടുക്കൽ മാറിയതെങ്ങനെയാണ്? മെച്ചപ്പെട്ട നഷ്ടപരിഹാരം, നഷ്ടപരിഹാരത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ബോധവത്കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഇതിന് ഉത്തരമായുണ്ട്. ഡപ്യൂട്ടി കലക്ടർ ഡോ.ജെ.അരുണാണു മലപ്പുറത്തെ ഭൂമിയേറ്റെടുക്കലിനു നേതൃത്വം നൽകിയത്. ഭൂമിയേറ്റെടുക്കൽ ഏറ്റവും മന്ദഗതിയിലുള്ള എറണാകുളത്ത് നടപടികൾ വേഗത്തിലാക്കാനായി സർക്കാർ നിയോഗിച്ചത് ഡോ.അരുണിനെയാണ്– ഭൂമിയേറ്റെടുക്കലിലെ ‘മലപ്പുറം മാതൃക’യ്ക്കുള്ള ഔദ്യോഗിക അംഗീകാരം. മലപ്പുറത്തെ ആ മാതൃകാ ഭൂമിയേറ്റെടുക്കലിന്റെ കഥയാണിനി...
HIGHLIGHTS
- സംസ്ഥാനത്ത് എൻഎച്ച് 66 വികസനത്തിന് ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയ ആദ്യ ജില്ല മലപ്പുറം
- എങ്ങനെയാണ് മലപ്പുറം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്?
- അർഹിക്കുന്ന നഷ്ടപരിഹാരം ഭൂവുടമകൾക്ക് ലഭ്യമാക്കിയ ‘മലപ്പുറം മാതൃക’ പ്രവർത്തിച്ചതെങ്ങനെ?