ADVERTISEMENT

തിരുവനന്തപുരം∙ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ സഭാമന്ദിരത്തിൽ പ്രവേശിച്ചത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന കരാർ കമ്പനിയുടെ ജീവനക്കാരിയുടെ സഹായത്തോടെയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്.

ഈ ജീവനക്കാരിയെയും അനിത പുല്ലയിൽ സഭാ ടിവിയുടെ ഓഫിസിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന 3 കരാർ ജീവനക്കാരെയും ചുമതലയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ഫസീല, ദിപുരാജ്, പ്രവീൺ, വിഷ്ണു എന്നിവരെയാണ് ഒഴിവാക്കിയത്. ലോകകേരള സഭ നടക്കുന്ന ഹാളിലേക്കു അനിത പുല്ലയിൽ കയറിയിട്ടില്ലെന്നു ചീഫ് മാർഷലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

അനിത പുല്ലയിൽ പാസില്ലാതെ സഭയുടെ അകത്തേക്കു കടന്നത് വീഴ്ചയാണെന്ന് സ്പീക്കർ പറ‍ഞ്ഞു. പാർക്കിങ് ഏരിയയിൽ നടന്ന ഓപ്പൺ ഫോറത്തിൽ പ്രവേശിക്കാൻ അവർക്കു പാസുണ്ടായിരുന്നു. അതുമായി സഭയുടെ ഇടനാഴിയിലേക്കു കയറിയതാണ് പരിശോധിച്ചത്. ഓപ്പണ്‍ ഫോറത്തിനുള്ള 500 ക്ഷണക്കത്തിൽ 250 എണ്ണം പ്രവാസി സംഘടനകൾക്കും 250 എണ്ണം വിദ്യാർഥികൾക്കും നീക്കിവച്ചിരുന്നു. അവർക്ക് ഓപ്പൺ ഫോറത്തിനുള്ള ക്ഷണക്കത്ത് ഉണ്ടായിരുന്നതിനാലാണ് സഭാ വളപ്പിലേക്കു കയറാൻ കഴിഞ്ഞത്. 

വിവാദമായതിനെ തുടർന്ന് സഭാ ടിവിയുടെ കരാർ കമ്പനിയോട് വിശദീകരണം വാങ്ങിയിരുന്നു. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചു എന്നവർ സമ്മതിച്ചു. പാസുള്ള വനിതാ ജീവനക്കാരിക്കൊപ്പം വന്നതിനാലാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്‍ഡ് വാർഡ് കടത്തി വിട്ടത്. അനിത പുല്ലയിൽ സഭയിലെത്തിയത് ആദ്യദിവസം ശ്രദ്ധയിൽപ്പെട്ടില്ലെന്നു സ്പീക്കർ പറഞ്ഞു. ശ്രദ്ധയിൽവന്നപ്പോൾ തന്നെ വാച്ച് ആൻഡ് വാർഡ് നടപടിയെടുത്തു. സുരക്ഷാ പരിശോധന ശക്തമാക്കാൻ വാച്ച് ആൻഡ് വാർഡിനു നിർദേശം കൊടുത്തിട്ടുണ്ട്. സഭാ ടിവിയുടെ കരാർ കമ്പനിയെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ വശങ്ങൾ പരിശോധിച്ചാണ് കരാർ കാര്യം തീരുമാനിക്കുന്നതെന്നു സ്പീക്കർ പറഞ്ഞു.

English Summary: Loka Kerala Sabha row: action against 4 to help Anitha Pullayil to enter Assembly building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com