ADVERTISEMENT

മുംബൈ∙  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. ബിജെപി പിന്നണിയിലുള്ള വിമത നീക്കത്തിനു വഴങ്ങി കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടും. ശരദ് പവാർ– സഞ്ജയ് റാവുത്ത് കൂടിക്കാഴ്ച അവസാനിച്ചു.

വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതർക്ക് മടങ്ങിയെത്താൻ അവസരം നൽകിയിരിന്നു, എന്നാൽ ഇപ്പോൾ ഏറെ വൈകിയിരിക്കുന്നു. അവരെ സഭയിലെത്താൻ വെല്ലുവിളിക്കുന്നു. മഹാ വികാസ് അഘാഡി സർക്കാർ അടുത്ത രണ്ടര വർഷം പൂർത്തിയാക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. അതിനിടെ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഗുവാഹത്തിയിൽനിന്ന് മുംബൈയിലേക്കു തിരിച്ചു. 

അതിനിടെ നാല് ശിവസേന എംഎല്‍എമാരെക്കൂടി അയോഗ്യരാക്കണമെന്ന് ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടും. ഇതോടെ അയോഗ്യരാക്കാന്‍ ആവശ്യപ്പെടുന്ന എംഎല്‍എമാരുടെ എണ്ണം 16 ആകും. കര്‍ണാടക മോഡലില്‍ അധികാരം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ഉദ്ധവും മഹാ വികസ് അഘാഡിയും. കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചിരുന്നു.

നിയമസഭയിൽ അംഗബലം കുറഞ്ഞുവെന്ന് സമ്മതിച്ച് ശിവസേന എംപി സഞ്ജയ് റാവുത്ത്. എന്നാൽ വിശ്വാസവോട്ടെടുപ്പിൽ വിമത എംഎൽഎമാർ മഹാവികാസ് അഘാഡി സർക്കാരിന് അനുകൂലമായി വോട്ടുചെയ്യുമെന്നും ‘എംഎല്‍എമാരുടെ എണ്ണം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കാണാൻ മുംബൈയിലെ വൈബി ചവാൻ െസന്ററിൽ രാവിലെ റാവുത്ത് എത്തിയിട്ടുണ്ട്. 

അതേസമയം, മഹാരാഷ്ട്ര മന്ത്രിയും ശിവസേന വിമത എംഎൽഎയുമായ ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച് ഇന്നു ഗവർണറെ കണ്ടേക്കും. 43 ശിവസേന എംഎൽഎമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഷിൻഡെയുടെ വാദം. അതിനിടെ, ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ കൂറുമാറിയ 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന. മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്ക് ഇതുസംബന്ധിച്ച അപേക്ഷ നൽകിയിട്ടുണ്ട്.

55 എംഎൽഎമാരിൽ 37 പേരുടെ പിന്തുണ ലഭിച്ചാൽത്തന്നെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണയാണ് ഷിൻഡെയ്ക്ക് ഉണ്ടാകുക. ഇതോടെ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ല. അതിനിടെ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

English Summary: Maharashtra Political Crisis LIVE Updates, Eknath Shinde, Uddhav Thackeray, Shiv Sena BJP, Mahavikas Aghadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com