ADVERTISEMENT

പത്തനംതിട്ട∙ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുടെ കാമുകിയെ  ഭീഷണിപ്പെടുത്തിയ കേസിൽ സസ്പെൻഡ് ചെയ്‌ത സിവിൽ പൊലീസ് ഓഫിസർ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി അഭിലാഷിനെതിരെ ഗുരുതര ആരോപണങ്ങൾ. പ്രതിയുടെ ഫോണില്‍നിന്ന് അയാളുടെ കാമുകിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയാണ് അഭിലാഷ് യുവതിയെ ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസുകാരനായ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ്‌വേഡ് ചോദിച്ച് ഫോൺ തുറന്ന അഭിലാഷ് ചിത്രങ്ങളും വിഡിയോകളും പരിശോധിച്ചപ്പോൾ  യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും കണ്ടെത്തി. ഈ ദൃശ്യങ്ങൾ പ്രതിയുടെ കാമുകിയുടെതാണെന്ന് മനസിലായതോടെ യുവതിയുടെ ഫോണിലേക്ക് വിഡിയോ കോൾ ചെയ്‌ത് കാമുകൻ സെല്ലിൽ കിടക്കുന്നത് കാണിച്ച് കൊടുത്തു. യുവതിയുടെ ചിത്രങ്ങളും വിഡിയോയും  സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റുകയും ചെയ്തു. നേരിട്ടു കാണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിളിയെത്തിയെങ്കിലും യുവതി പ്രതിരോധിച്ചു. യുവതി വഴങ്ങില്ലെന്ന് ഉറപ്പായതോടെ കേസിൽപെടുത്തുമെന്നായി ഭീഷണി. 

ശല്യം സഹിക്കാനാകാതെ വന്നപ്പോൾ യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിലാഷ് തന്റെ ഫോൺ ദുരുപയോഗം ചെയ്തെന്നു കാട്ടി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം അഭിലാഷിന്റെ ഫോൺ പിടിച്ചെടുക്കുകയുമായിരുന്നു. അഭിലാഷിന്റെ ഫോണിൽ നിന്ന് യുവതിയുടെ ചിത്രങ്ങളും നഗ്നവിഡിയോകളും അന്വേഷണ സംഘം കണ്ടെടുത്തതിന് തുടർന്നാണ് ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. അഭിലാഷ് പ്രതിയുടെ ഫോൺ ദുരുപയോഗം ചെയ്തെന്നും പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നു ബോധ്യപ്പെട്ടതോടെയാണ് അഭിലാഷിനെതിരെ നടപടിയുമായി അധികൃതർ മുന്നോട്ടു പോയത്. 

English Summary: Police officer suspended for harassing woman in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com