ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്ത് ആദ്യം വ്യക്തിഹത്യ ഉണ്ടായതു തനിക്കെതിരെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. ഏറ്റവും വേദനിപ്പിക്കും വിധം അതു ചെയ്തത് മുഖ്യമന്ത്രിയായിരുന്നെന്നും അവർ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പി.ടിയുടെ മരണം. ഇവിടെ തിരഞ്ഞെടുപ്പുണ്ടായത് ഒരു സൗഭാഗ്യമാണ് എന്നു മുഖ്യമന്ത്രി സംസാരിച്ചു. ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്. പി.ടിയുടെ മരണത്തെ സൗഭാഗ്യമായി കണ്ട് നൂറടിക്കാനാണ് മുഖ്യമന്ത്രി നോക്കിയത്. അതു മനസിലാക്കിയാണ് ജനം തനിക്കൊപ്പം നിന്നതെന്നും അവർ പറഞ്ഞു. കൊച്ചി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.

ഡോ.ജോ ജോസഫിനെതിരെ ഉണ്ടായ സംഭവത്തിൽ യുഡിഎഫിന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ല തൃക്കാക്കരയിൽ ചർച്ച ചെയ്തത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളായിരുന്നു ചർച്ച ചെയ്യേണ്ടിയിരുന്നത്. പക്ഷേ നടന്നത് വ്യക്തിഹത്യകളായിരുന്നു. അതിനു പക്ഷേ ആദ്യം ഇരയായതു താനാണ്. സിപിഎമ്മിന്റെ സൈബർ പോരാളികൾ താനൊരു വിധവയായതിനാലാണ് ‘വിധവയായാൽ പണ്ടെല്ലാം ചിതയിലാണ് ചാടിയിരുന്നത്, ഇപ്പോ രാഷ്ട്രീയത്തിലേക്കു ചാടുന്നു’ എന്നു പറഞ്ഞത്. 

ഡോക്ടർക്കെതിരെ ഉണ്ടായത് ഒരാൾക്കെതിരെയും ഉണ്ടാകരുത്. എനിക്കുണ്ടായ വിഷമം എന്താണെന്ന് എനിക്കറിയാം. അതു മറ്റൊരാളോടു പറഞ്ഞാൽ ആ രീതിയലെടുക്കണമെന്നില്ല. ആ ഒരു സാഹചര്യം അനുഭവിച്ചതിനാൽ ജോ ജോസഫിനുണ്ടായ ദുഃഖം മനസിലാകും. അത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം.  ഇപ്പോഴും അന്വേഷിക്കാം. തിരഞ്ഞെടുപ്പു കഴിഞ്ഞും ഭക്ഷണം ഭർത്താവിനു വേണ്ടി മാറ്റിവയ്ക്കുന്നതിനെ കുറിച്ചു പറഞ്ഞു. അതിലൊക്കെ മറ്റുള്ളവർ ഇടപെടുന്നതു വളരെ മോശമാണ്.

കുടിവെള്ള പ്രശ്നം പരിഹരിക്കണം

മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രാചരണത്തിനു പോയപ്പോഴുള്ള അറിവാണ് ഉള്ളത്. ഇതു പ്രകാരം സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ കുടിവെള്ളം ഇല്ലാത്തതും മാലിന്യ സംസ്കരണവുമാണ്. ഇക്കാര്യങ്ങൾക്ക് എല്ലാവിധ പരിഗണനയും നൽകും. രോഗങ്ങൾ പടർന്നു പിടിക്കുന്നതിന്റെ പ്രധാന കാരണം മാലിന്യമാണ് എന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ കുടിവെള്ളത്തിന്റെ പൈപ്പ് കണക്ഷൻ പോലുമില്ലാത്ത വീടുകൾ കണ്ടു. പലരെയും കാണുമ്പോൾ വിഷമം തോന്നി. ഇപ്പോഴും കുടിവെള്ളം ആവശ്യത്തിനു കിട്ടാത്ത നിരവധിപ്പേരുണ്ട്. 

ഫ്ലാറ്റുകൾക്കു വെള്ളം പോകുന്നു എന്ന പരാതിയുമുണ്ട്. അതുപോലെ ഫ്ലാറ്റുകളിൽ ഒരുപാടു പേർ വെള്ളം കിട്ടാത്തവരുണ്ട്. ഒരുതുണ്ടു ഭൂമി പോലുമില്ലാത്തവരാണ് ഫ്ലാറ്റുകളിൽ താമസിക്കുന്ന പലരും. അവരുടെ പരാതികളും പരിഹരിക്കപ്പെടണം. ഇക്കാര്യങ്ങളിൽ പി.ടിയുടെ ഭാഗത്തുനിന്ന് ഒരു മുൻകൈ എടുക്കൽ ഉണ്ടായിട്ടുണ്ട്. അതു പൂർത്തീകരിക്കണം. 

മന്ത്രിമാർ കൊടുത്ത വാക്കുപാലിക്കണം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് എല്ലാ മന്ത്രിമാരും ഇവിടെ വന്നത് വളരെ ഗുണം ചെയ്തു. തൃക്കാക്കരക്കാർക്കു മന്ത്രിമാർ കൊടുത്ത വാക്കു പാലിച്ചാൽ തനിക്കു പിന്നെ ഒന്നും ചെയ്യേണ്ടി വരില്ല. അവർ മുഴുവൻ കേരളത്തിന്റെയും മന്ത്രിമാരാണ്. അതുകൊണ്ട് നേരിൽ കണ്ട് തൃക്കാക്കരക്കാർക്കു കൊടുത്ത വാക്കുകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പുകളിലെ കാര്യങ്ങൾ മാത്രം ചെയ്തു കൊടുത്താൽ മതിയാകും. ഇതു കളിയാക്കിയോ തമാശയായോ അല്ല പറയുന്നത്. അവർ വോട്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ടു കണ്ടതാണ്. നേരിൽ കണ്ടു കാര്യങ്ങൾ നിവർത്തിക്കുമെെന്നാണു പറഞ്ഞിരിക്കുന്നത്. താൻ ചെറിയൊരു ഉന്തു കൂടി കൊടുത്താൽ അവർ ചെയ്തു തരും. കൂടെ നിൽക്കും എന്നത് ഉറപ്പാണ്. പ്രതിപക്ഷത്തൊ ഭരണ പക്ഷത്തോ എന്നല്ല, ജനങ്ങൾക്കുവേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ തൃക്കാക്കരക്കാരെ മാറ്റിനിർത്തലുണ്ടാവില്ല എന്നാണു പ്രതീക്ഷിക്കുന്നത്. അല്ല ഇനി അങ്ങനെ ഉണ്ടായാൽ അതിനനുസരിച്ചു പ്രതികരിക്കും.

കടമ്പ്രയാറിന്റെ കാര്യത്തിൽ പി.ടിയുടെ പാത

കടമ്പ്രയാർ മലിനമാകുന്നതിനെക്കുറിച്ചു പി.ടി.തോമസ് പറഞ്ഞിട്ടുള്ളതാണ്. അതിനെ മലിനമാക്കുന്നെങ്കിൽ അത് ആരിൽ നിന്നായാലും ശാസ്ത്രീയമായി പരിഹാരം കാണേണ്ടതുണ്ട്. അതിനു വേണ്ടി പ്രവർത്തിക്കും. വികസനക്കാര്യങ്ങളിൽ പിടിയുടെ പാതയാണ് പിന്തുടരുന്നത്.

സഭയിൽ കുടിവെള്ളവും വൈറ്റില ഹബ്ബും

നിയമസഭയിൽ പറയേണ്ട കാര്യങ്ങൾ ഇപ്പോൾ തന്നെ നോട്ടു ചെയ്തു വച്ചിട്ടുണ്ട്. തൃക്കാക്കയിലെ കുടിവെള്ള പ്രശ്നക്കാര്യവും വൈറ്റില ഹബ്ബിന്റെ കാര്യവും സഭയിൽ ഉന്നയിക്കും. വാട്ടർ ടാങ്ക് പണിയാൻ പി.ടി കൊടുത്ത പ്രോജക്ട് ഉണ്ട്. അതിന്റെ നിലവിലെ വിവരം അറിയാൻ കലക്ടർക്കു സബ്മിഷൻ കൊടുക്കും. സഭയിലും ഉന്നയിക്കും. തൃക്കാക്കര മണ്ഡലത്തിൽ എവിടെ നിന്നാണെങ്കിലും എവിടെ പോകണമെങ്കിലും അരമണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മുന്നേ പുറപ്പെടേണ്ട സാഹചര്യമാണ്. സ്കൂൾ കുട്ടികൾ ഗതാഗത കുരുക്കിൽ കുടുങ്ങുന്നു. ഇതിനു പരിഹാരം വേണം. കാക്കനാട്ടേയ്ക്കുള്ള മെട്രോ നിർമാണം ആരംഭിക്കും മുമ്പ് പൊലീസുമായി സംസാരിച്ച് അവരുടെ സഹായത്തോടെ വഴികൾ ക്രമീകരിക്കേണ്ടതുണ്ട്. കുറച്ചു ചുറ്റിക്കറങ്ങി പോകേണ്ടി വന്നാലും എല്ലാവരും സഹകരിച്ചാലേ കാര്യങ്ങൾ സുഗമമാകൂ.  

വൈറ്റിലയെ അവഗണിച്ചു 

വൈറ്റിലയിൽ പാലം നിർമാണം ആലോചിക്കുന്ന സമയത്തു തന്നെ പി.ടി ഒരു മാസ്റ്റർ പ്ലാൻ സർക്കാരിനു നൽകിയിരുന്നു. പഠിക്കുന്ന ഒരു പറ്റം കുട്ടികൾ കൊണ്ടു നൽകിയ പ്രപ്പോസലായിരുന്നു അത്. എന്നാൽ പാലം വന്നാൽ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന രീതിയിലാണ് സർക്കാർ പെരുമാറിയത്. ഇപ്പോൾ താഴെയും മുകളിലും പറ്റാത്ത അവസ്ഥയാണ്. ഏതു രീതിയിൽ ഈ പ്രശ്നം പരിഹരിക്കാമെന്നതു ചർച്ച ചെയ്യണം. വൈറ്റിലയിൽ വരേണ്ടിയിരുന്നത് ഒരു റൗണ്ട് എബൗട്ട് ഒക്കെയാണ്. ഇനി കഴിഞ്ഞുപോയ കാര്യം പോസ്റ്റുമോർട്ടം നടത്തിയിട്ടു കാര്യമില്ല . ഇനി എന്തു ചെയ്യാമെന്നത് എല്ലാവരുമായി സംസാരിച്ചു തീരുമാനിക്കണം. 

കെ.വി. തോമസ് വിഷമിപ്പിച്ചു

തന്നെക്കാൾ മുതിർന്ന ആളെന്ന നിലയിൽ കെ.വി. തോമസ് മാഷിനെ അങ്ങോട്ടു വിളിക്കേണ്ടിയിരുന്നു. പക്ഷേ മാഷ് എതിർ ചേരിയിൽ പോയത് ഒട്ടും ചിന്തിക്കാൻ പറ്റുന്നില്ല. അദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നതിൽ വിഷമമുണ്ട്. വ്യക്തിപരമായ കാര്യമാണ്, പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്നെല്ലാമുണ്ടെങ്കിലും ചെയ്തതു വിഷമമുള്ള കാര്യമാണ്. മാഷ് എന്താണ് അങ്ങനെ ചെയ്തത് എന്നറിയില്ല. 

മെട്രോ: ആഡംബര നികുതി അനുവദിക്കില്ല

അല്ലെങ്കിൽ തന്നെ ഒരുപാടു പേരുടെ സ്ഥലം ഏറ്റെടുത്താണ് മെട്രോ ഉണ്ടാക്കിയിരിക്കുന്നത്. ഇനി അതിനടുത്തു താമസിച്ചു എന്നതിന് അതിനു മുകളിൽ നികുതി പറ്റില്ല. അതു നടപ്പാക്കുന്നതു ബുദ്ധിമുട്ടാകും. അല്ലെങ്കിൽ ഇതിനെക്കാൾ നല്ല താമസ സൗകര്യം മെട്രോ നൽകട്ടെ എന്നാണ് പറയാനുള്ളത്. ഇതിൽ എന്തെങ്കിലും തുടർ നടപടി ഉണ്ടാകും മുമ്പ് എതിർക്കും. മെട്രോയ്ക്കു സമീപം താമസിക്കുന്നതിന്റെ പേരിൽ ആഡംബര നികുതി വർധിപ്പിക്കാൻ അനുവദിക്കില്ല.

ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ കേരളത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ള പി.ടിയെ സ്നേഹിക്കുന്നവരാണു വന്നു പ്രവർത്തിച്ചത്. അവരെ എല്ലാവരെയും അവരുടെ അടുത്തു പോയി കണ്ടില്ലെങ്കിൽ വലിയ തെറ്റാകും. തൃക്കാക്കരയിൽ ജയിച്ചതിനാൽ ഇവിടെയുള്ളവരെ കണ്ടിട്ടു വേണം മറ്റുള്ളവരെ കണാൻ. പക്ഷെ പെട്ടെന്നു തന്നെ സഭാ സെഷൻ ആരംഭിക്കുന്നതുകൊണ്ടും മറ്റും സാധ്യമല്ലാത്ത സാഹചര്യമുണ്ട്. പി,ടിയെ സ്നേഹിക്കുന്നവരെ കാണാൻ കുറച്ചു സമയമെടുത്താലും അവർക്ക് അതു ബുദ്ധിമുട്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. – ഉമ തോമസ് പറഞ്ഞു.  

English Summary : Uma Thomas MLA press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com