ADVERTISEMENT

ബാലുശ്ശേരി∙ പ്രചാരണ ബോർഡുകൾ കീറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദിച്ച കേസിൽ പൊലീസിനെതിരെ പ്രതികളുടെ മാതാപിതാക്കൾ. യഥാർഥ പ്രതികളെ കിട്ടാതിരുന്നപ്പോൾ പൊലീസ് കിട്ടിയവരെ പ്രതികളാക്കിയെന്ന് അറസ്റ്റിലായ മുഹമ്മദ് ഇജാസിന്റെയും മുഹമ്മദ് സാലിയുടെയും മാതാപിതാക്കൾ ആരോപിച്ചു. 

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ച എസ്‌ഡിപിഐ പ്രവർത്തകർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു, അവരെ കുറിച്ച് പൊലീസ് അന്വേഷിച്ചത് പോലുമില്ല. അക്രമികൾ രക്ഷപ്പെട്ട ശേഷം വിവരം അറിഞ്ഞു എത്തിയ യുവാക്കൾ ആണ് കേസിൽ അകപ്പെട്ടതെന്നും അറസ്റ്റിലായ മുഹമ്മദ് ഇജാസിന്റെയും മുഹമ്മദ് സാലിയുടെയും മാതാപിതാക്കളായ പി.പി. ഇബ്രാഹിമും ആയിഷയും ജമീലയും മനോരമ ന്യൂസിനോട് പറഞ്ഞു. 

കേസിൽ മുസ്‌ലിം ലീഗ്, ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടൂർ പാലോളിയിൽ വച്ചാണ് ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി വാഴേന്റവളപ്പിൽ ജിഷ്ണുരാജിനു (22) നേരെ ആക്രമണം ഉണ്ടായത്. എസ്ഡിപിഐ സംഘമാണ് പരസ്യ വിചാരണ നടത്തി വധിക്കാനുള്ള ശ്രമം നടത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മുഹമ്മദ് സാലി രായ്യത്ത് കുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പേരൂളിപ്പൊയിൽ, ഷാലിദ് താഴെ കോട്ടയാത്ത്, നജാഫ് ഫാരിസ് ചോത്താരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 9 പേർ ഒളിവിലാണ്.

പ്രതികളിൽ 2 പേർ മുസ്‌ലിം ലീഗ് പ്രവർത്തകരാണ്. എന്നാൽ ഇവർ അക്രമം തടയാൻ എത്തിയതാണെന്നാണു ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. പ്രതികളിൽ രണ്ടു പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ലീഗ് ആരോപിക്കുന്നു. എന്നാൽ ജിഷ്ണുരാജിനെ ആക്രമിച്ചതിലും പരാതി നൽകിയതിലും ഡിവൈഎഫ്ഐ പ്രവർത്തകർക്കു ബന്ധമില്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. പരുക്കേറ്റ ജിഷ്ണു ചികിത്സയിലാണ്. പാർട്ടികളുടെ ബോർഡുകളും ബാനറുകളും രാത്രി നശിപ്പിക്കുന്നതായി ആരോപിച്ചാണ് ജിഷ്ണുരാജിനെ ആൾക്കൂട്ടം തടഞ്ഞ് നിർത്തി ആക്രമിച്ചത്.

English Summary: Balussery Mob attack against Dyfi leader; allegations against Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com