ന്യൂഡൽഹി∙ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരെ ‘മഹാഭാരതം’ പരാമർശത്തോടുകൂടി ട്വീറ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ‘ദ്രൗപദി രാഷ്ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ?. ആരാണ് കൗരവർ?’ – എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
തെലങ്കാനയിലെ ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് എസ്‌സി, എസ്‌ടി വിഭാഗത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് രാം ഗോപാൽ വർമയ്ക്കെതിരെ പരാതി നൽകിയത്. അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇനി അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്യുകയോ ആർക്കെങ്കിലുമെതിരെ ഇത്തരം മോശം പ്രസ്താവന നടത്തുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നും നാരായണ റെഡ്ഡി പറഞ്ഞു.
പിന്നാലെ വിശദീകരണവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ പേര് അപൂർവമായതിനാൽ, ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഓർത്തുപോയതാണെന്നും തന്റെ ആവിഷ്കാരം ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ, രാം ഗോപാൽ വർമ മദ്യപിച്ചാണ് ഇത്തരം ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തെലങ്കാനയിലെ മറ്റൊരു ബിജെപി എംഎൽഎ ആരോപിച്ചു. അടുത്തിടെ, ഹിന്ദി ഭാഷയെച്ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ സുദീപ് സഞ്ജീവും തമ്മിലുള്ള തർക്കത്തിൽ വർമ പ്രതികരിച്ചിരുന്നു. ദക്ഷിണേന്ത്യൻ താരങ്ങളുടെ വിജയത്തിൽ ബോളിവുഡ് അഭിനേതാക്കൾ അരക്ഷിതരും അസൂയയും ഉള്ളവരാണെന്നായിരുന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനെ സൂചിപ്പിച്ചായിരുന്നു എംഎൽഎയുടെ പരാമർശം.
English Summary: Case Against Ram Gopal Varma For Controversial Tweet On Droupadi Murmu